ബിരുദം പൂർത്തിയാക്കിയില്ല, ആശാരിപ്പണി വിട്ട് തീവ്രവാദത്തിലേക്ക്; ലത്തീഫ് ഭട്ടിനെ വധിച്ചതിന് പിന്നാലെ ആഹ്ലാദം പ്രകടിപ്പിച്ച് സൈന്യം

Published : Nov 18, 2026, 04:29 PM IST
Latif Bhat Killing

Synopsis

ലഷ്കർ ഇ തൊയ്യ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ചതിന് പിന്നാലെ ആഹ്ലാദം പ്രകടിപ്പിച്ച് സൈന്യം. കുൽഗാമിൽ മണിക്കൂറുകൾ നീണ്ട ഓപ്പറേഷന് ഒടുവിലാണ് 15 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന പ്രാദേശിക ഭീകരനായ ഭട്ടിനെ വധിക്കാൻ കഴിഞ്ഞത്.

ശ്രീന​ഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്യ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി സുരക്ഷാ ഉദ്യോഗസ്ഥർ. പിടികിട്ടാപ്പുള്ളിയായ ലത്തീഫ് ഭട്ടിനെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥർ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുൽഗാം ജില്ലയിലെ സങ്കൽപോറയിലുള്ള ദേവ്‌സാറിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് തെക്കൻ കശ്മീരിൽ സജീവമായി പ്രവർത്തിച്ചുവന്നിരുന്ന പ്രാദേശിക ഭീകരനായ ലത്തീഫ് ഭട്ടിനെ വധിച്ചത്. ജമ്മു കശ്മീർ പൊലീസും കരസേനയും സിആർപിഎഫും രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 22കാരനായ ലത്തീഫ് ഭട്ടിനെ വധിക്കാൻ സാധിച്ചത്. ലത്തീഫ് ഭട്ടിൻ്റെ നേതൃത്വത്തിൽ സിആർപിഎഫ് പോസ്റ്റിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവം നടന്ന് ഒരാഴ്ചയ്ക്കിപ്പുറമാണ് സൈന്യത്തിൻ്റെ വിജയകരമായ ഓപ്പറേഷൻ നടന്നത്.

ഓപ്പറേഷനൊടുവിൽ മുസ്ലീം പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിനോട് കീഴടങ്ങാൻ സുരക്ഷാ സേന പലകുറി ആവശ്യപ്പെട്ടു. വീഡിയോ കോളിലൂടെ ആണ് സുരക്ഷാ സേന ലത്തീഫ് ഭട്ടുമായി ബന്ധപ്പെട്ടതെന്നാണ് റിപ്പോർട്ട്. എന്നാൽ താൻ അള്ളാഹുവിനെ കാണാൻ പോകുകയാണെന്നും വളരെ സന്തോഷവാനാണെന്നും അള്ളാഹു തനിക്കൊപ്പം ഉണ്ടെന്നുമായിരുന്നു ലത്തീഫ് ഭട്ടിൻ്റെ മറുപടി. തങ്ങൾ ഒപ്പമുണ്ടെന്ന് സൈന്യം ഭട്ടിനോട് പറഞ്ഞെങ്കിലും കീഴടങ്ങാൻ അയാൾ കൂട്ടാക്കിയില്ല. ഇതോടെ സൈന്യം മുന്നോട്ടുനീങ്ങി. ഓപ്പറേഷനിൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ലത്തീഫ് ഭട്ടിൻ്റെ മൃതദേഹവും ആയുധവും കണ്ടെടുത്തതായി കശ്മീർ സോൺ പൊലീസ് സ്ഥിരീകരിച്ചു.

ഖ്രേവൻ ചദേർ അഷ്മുജി സ്വദേശിയായ ലത്തീഫ് ഭട്ട് കുൽഗാം ഗവ. ഡിഗ്രി കോളേജിൽ ബിരുദ കോഴ്സിന് ചേർന്നിരുന്നെങ്കിലും പഠനം പൂർത്തിയാക്കിയിരുന്നില്ല. പിന്നീട് ആശാരിപ്പണി ചെയ്തു. കഴിഞ്ഞ വർഷം ആദ്യം ലത്തീഫ് ഭട്ട് വീടുവിട്ടു. ഇയാളെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായ ലത്തീഫ് ഭട്ട്, കഴിഞ്ഞ വർഷം നവംബർ 19നാണ് ലഷ്കർ ഇ തൊയ്യ്ബയ്ക്കൊപ്പം ചേർന്നതെന്നാണ് കുൽഗാം എസ്എസ്പി അനായത്ത് അലി പറയുന്നത്. ജമ്മു കശ്മീരിൻ്റെ സമാധാനവും വിനോദസഞ്ചാരവും സാമ്പത്തികസ്ഥിതിയും തകർക്കാനായി അതിർത്തിക്കപ്പുറത്തുനിന്ന് ലത്തീഫിന് നിർദേശങ്ങൾ ലഭിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

അനന്തനാഗിൽ ഈ വർഷം ജുലൈ 22ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ ലത്തീഫ് ഭട്ടിൻ്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിലും ലത്തീഫ് ഭട്ടിൻ്റെ പേര് ഉയർന്നുകേട്ടിരുന്നു. പിടികിട്ടാപ്പുള്ളിയായ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഈ മാസം 11ന് കുൽഗാമിലെ സിആർപിഎഫ് പോസ്റ്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ലത്തീഫ് ഭട്ടും സഹായിയായ ഉമർ നിസാർ ധറും ആണെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ബ്രെഡ് മേക്കറായിരുന്ന ഉമർ കുൽഗാമിലെ വീട് വിടുകയും ആറുമാസത്തോളമായി ലത്തീഫ് ഭട്ടിന് ഒളിത്താവളം അടക്കം ഒരുക്കിവരികയുമായിരുന്നു. തിങ്കളാഴ്ച കുൽഗാമിലെ ലാറൂ ഗ്രാമത്തിൽ നടന്ന ഓപ്പറേഷനിൽ ഉമറിനെ സൈന്യം വധിച്ചിരുന്നു. ഇതിനിടെ ആണ് ലത്തീഫ് ഭട്ട് സൈന്യത്തെ വെട്ടിച്ച് കടന്നുകളഞ്ഞത്. തുടർന്ന് ഇയാൾക്കായി കുൽഗാമിലെ വിവിധ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു സൈന്യം വ്യാപക തെരച്ചിൽ തുടങ്ങുകയായിരുന്നു. ലത്തീഫ് ഭട്ടിൻ്റെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചതോടെ ബുധനാഴ്ച പുലർച്ചെ ആരംഭിച്ച സംയുക്ത ഓപ്പറേഷൻ ആണ് വിജയം കണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞു; ബന്ധുക്കളെ യാത്രയാക്കാനെത്തിയ 12 പേർ വന്ദേഭാരതിൽ കുടുങ്ങി; 36,000 രൂപ പിഴ
കരുത്താർജ്ജിച്ച് 'അക്വാൻ' ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത, അന്തരീക്ഷ ചക്രവാതച്ചുഴിയും