
ദില്ലി: വീട് നിര്‍മ്മിക്കാന്‍ പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തിന്റെ (Dowry) പരിധിയില്‍ ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി(Supreme court) . ഐപിസി 304 ബി പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തി പിതാവിനെയും വെറുതെ വിട്ട ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലാണ് ഇക്കാര്യം പറയുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ തലവനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മൂല്യമുള്ള എന്ത് വസ്തുക്കള്‍ ആവശ്യപ്പെടുന്നതും സ്ത്രീധന നിരോധന നിയമത്തില്‍ സ്ത്രീധനത്തെ നിര്‍വചിക്കുന്നുണ്ട്. എന്നാല്‍ വീട് നിര്‍മാണത്തിന് പണം ആവശ്യപ്പെട്ടത് സ്ത്രീധനമായി കണക്കാക്കാനാകില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ഹിമ കോലി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
സ്ത്രീധനം പോലുള്ള സാമൂഹിക തിന്മയെ നിയമവ്യവസ്ഥയിലൂടെ ഇല്ലാതാക്കണമെങ്കില്‍ നിയമനിര്‍മ്മാണ സഭയുടെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന ഇത്തരം നിയമ വ്യാഖ്യാനങ്ങള്‍ ഒഴിവാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ത്രീധനം എന്ന വാക്കിന് വിശാലമായ വ്യാഖ്യാനം നല്‍കണം. സ്ത്രീയോട് ആവശ്യപ്പെടുന്ന സ്വത്ത്, വിലപിടിപ്പുള്ള മറ്റുവസ്തുക്കള്‍ എന്നിവ സ്ത്രീധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു. മധ്യപ്രദേശ് ഹൈക്കോടതിയാണ് സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും വെറുതെ വിട്ടത്. യുവതി വീട് നിര്‍മാണത്തിനായി സ്വന്തം വീട്ടില്‍ നിന്ന് പണം ആവശ്യപ്പെട്ടതിനാല്‍ സ്ത്രീധനമായി കണക്കാക്കാനാകില്ലെന്നാണ് ഹൈക്കോടതി വിശദീകരിച്ചത്. യുവതിയുടെ വീട്ടില്‍ നിന്ന് പണം കൊണ്ടുവരാന്‍ ഭര്‍തൃവീട്ടില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതായും സുപ്രീം കോടതി വ്യക്തമാക്കി.
വീട്ടില്‍ നിന്ന് പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്. കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണക്കോടതിയുടെ നിഗമനങ്ങള്‍ ശരിയായിരുന്നെന്ന് പറഞ്ഞ സുപ്രീം കോടതി പ്രതികള്‍ക്ക് ഏഴ് വര്‍ഷം വീതം ശിക്ഷ വിധിച്ചു. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷമാണ് ഭര്‍തൃവീട്ടില്‍ ഗീതാ ബായി എന്ന യുവതി ആത്മഹത്യ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam