കുട്ടികളുടെ അച്ഛന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നുവെന്നും, അച്ഛൻ തങ്ങളുടെ മൊബൈൽ ഫോൺ വിറ്റതിൽ മൂന്ന് പേരും വലിയ വിഷമത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ദില്ലി: ഗാസിയാബാദിലെ മൂന്ന് സഹോദരിമാരുടെ ആത്മഹത്യയിലെ ദുരൂഹത നീക്കാൻ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കുട്ടികളുടെ അച്ഛന് രണ്ട് കോടി രൂപ കടമുണ്ടായിരുന്നുവെന്നും, അച്ഛൻ തങ്ങളുടെ മൊബൈൽ ഫോൺ വിറ്റതിൽ മൂന്ന് പേരും വലിയ വിഷമത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കുട്ടികളുടെ മരണം ആത്മഹത്യ അല്ലെന്നും, ഓൺലൈൻ ഗെയിമിലെ ടാസ്ക് ആണെന്നും അച്ഛൻ ഇന്നും ആവർത്തിച്ചു.
രാജ്യത്തെ ഞെട്ടിച്ച മൂന്ന് സഹോദരിമാരുടെ ആത്മഹത്യക്ക് മറ്റുകാണങ്ങളുണ്ടോയെന്നാണ് യുപി പൊലീസ് പരിശോധിക്കുന്നത്. ഗെയിം മാത്രമല്ല, കുട്ടികൾ നിരന്തരം കൊറിയൻ വെബ് സീരീസുകളും കണ്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ ഈ സീരീസുകളിലെ കഥാപാത്രങ്ങളുടെ പേരാണ് ഉപയോഗിച്ചിരുന്നത്. സീരീസ് കാണാനുപയോഗിച്ചിരുന്ന കുട്ടികളുടെ മൊബൈൽ കടക്കെണിയിലായ അച്ഛൻ വിറ്റു, ഈ പണമുപയോഗിച്ചാണ് വീട്ടിലെ കറണ്ട് ബിൽ അടച്ചത്. അതിനുമുൻപ് ബില്ലടയ്ക്കാത്തതിനെ തുടർന്ന് ഇവർ താമസിച്ചിരുന്ന വീട്ടിൽ വൈദ്യുതി റദ്ദാക്കിയിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സ്റ്റോക്ക് ട്രേഡറായ കുട്ടികളുടെ അച്ഛന് 2 കോടിയുടെ കടമുണ്ട്. അച്ഛനെ പൊലീസ് ചോദ്യം ചെയ്തു. കുട്ടികൾ തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. മറ്റു കുട്ടികളോടൊപ്പം കളിക്കാൻ പോലും പോയിരുന്നില്ലെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞു. അതിനിടെ കുട്ടികൾ ആത്മഹത്യ ചെയ്തതല്ലെന്നും, ഓൺലൈൻ ഗെയിമിലെ ടാസ്ക് മരണത്തിന് കാരണമെന്നും കുട്ടികളുടെ അച്ഛൻ ആവർത്തിച്ചു.
ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരും യുപി നോയിഡയിലെ ഫ്ലാറ്റിലെ ഒൻപതാം നിലയിൽനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.



