സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക, അഡ്വ. ലില്ലി തോമസ് അന്തരിച്ചു

By Web TeamFirst Published Dec 10, 2019, 9:52 AM IST
Highlights

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധി നേടിയെടുത്ത ഹർജിക്കാരിയെന്ന നിലയിലാകും ലില്ലി തോമസ് ഓർക്കപ്പെടുക.

ദില്ലി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായിരുന്ന ലില്ലി തോമസ് അന്തരിച്ചു. 91 വയസായിരുന്നു. ദില്ലിയിൽ വച്ചായിരുന്നു മരണം. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധി നേടിയെടുത്ത ഹർജിക്കാരിയെന്ന നിലയിലാകും ലില്ലി തോമസ് ഓർമ്മിക്കപ്പെടുക. വനിതകളുടെ അവകാശത്തിന് വേണ്ടിയും ലിംഗവിവേചനത്തിനെതിരെയും പോരാടിയ അഭിഭാഷക കൂടിയാണ് ലില്ലി തോമസ്. അറുപത് വര്‍ഷത്തിലധികമായി ദില്ലിയിലായിരുന്നു താമസം. അവിവാഹിതയായ ലില്ലി തോമസിന്‍റെ മൃതദേഹം ദില്ലിയിൽ തന്നെ സംസ്കരിക്കും. മരട് ഫ്ളാറ്റുകൾ പൊളിക്കാനുള്ള വിധി ഉടൻ നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടാണ് അവസാനമായി ലില്ലി തോമസ് കോടതിയിൽ ഹാജരായത്.

നിരവധി പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള ലില്ലി തോമസ്  അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് സംവിധാനത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയ ആദ്യ വ്യക്തിയാണ്. ക്രിമിനൽ കേസുകളിൽ കുറ്റവാളികളാണെന്ന് കോടതി വിധിച്ച ജനപ്രതിനിധികൾക്ക് അപ്പീൽ കാലയളവിൽ സ്ഥാനത്ത് തുടരാനും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും അവകാശം നൽകിയിരുന്ന ജനപ്രാതിനിധ്യ നിയമത്തിന്‍റെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് നീക്കം ചെയ്തത് ലില്ലി തോമസിന്‍റെ ഹർജിയിന്മേലാണ്. നീതി ന്യായ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി കരുതപ്പെടുന്ന ഈ വിധി മറികടക്കാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ട് വരാൻ ശ്രമിച്ചുവെങ്കിലും കടുത്ത വിമർശനങ്ങളെ തുടർന്ന് ഇത് പിൻവലിക്കേണ്ടി വന്നു. 

കോട്ടയം സ്വദേശിയായ ലില്ലി തോമസ് തിരുവനന്തപുരത്താണ് വളർന്നത്, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം നേടിയ ശേഷം 1995ൽ മദ്രാസ് ഹൈക്കോടതിയിൽ വക്കീലായി. ഇന്ത്യയിൽ എൽഎൽഎം നേടുന്ന ആദ്യ വനിതയാണ് ലില്ലി തോമസ്. 1960 മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ലില്ലി തോമസ് സുപ്രീം കോടതിയിലേക്ക് പ്രവർത്തനമണ്ഡലം മാറ്റി. 

click me!