സെന്തിൽ ബാലാജിക്ക് ജാമ്യമില്ല, ഇഡി കസ്റ്റഡിയിൽ വിട്ടു; ആശുപത്രിയിൽ ചോദ്യം ചെയ്യാമെന്നും കോടതി

Published : Jun 16, 2023, 07:39 PM IST
സെന്തിൽ ബാലാജിക്ക് ജാമ്യമില്ല, ഇഡി കസ്റ്റഡിയിൽ വിട്ടു; ആശുപത്രിയിൽ ചോദ്യം ചെയ്യാമെന്നും കോടതി

Synopsis

സെന്തിൽ ബാലാജിക്ക് അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നിര്‍ദ്ദേശം

ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ ജാമ്യ ഹർജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നൽകി. ഇതോടെ ആശുപത്രിയിൽ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കും. നിലവിൽ ജയിൽ വകുപ്പിനാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നത്. 15 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ചോദിച്ചതെങ്കിലും എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. സെന്തിൽ ബാലാജിയുടെ ചികിത്സ തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെഷൻസ് കോടതി വിധിക്കെതിരെ സെന്തിൽ ബാലാജി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കും. 

സെന്തിൽ ബാലാജിക്ക് അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നിര്‍ദ്ദേശം. എന്നാൽ അനസ്തേഷ്യ നൽകാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂ എന്നും കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ഇഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് ചെന്നൈയിലെത്തി ബാലാജിയെ പരിശോധിച്ചിരുന്നു. 

അതേസമയം സെന്തിൽ ബാലാജിയുടെ വകുപ്പ് മാറ്റം ഗവർണർ അംഗീകരിച്ചു. ഇന്നലെ സർക്കാർ ശുപാർശ തള്ളിയ ഗവർണർ ആർഎൻ രവിയുടെ നിലപാടിനെതിരെ വലിയ തോതിൽ പ്രതിഷേധം ഡിഎംകെ പ്രവർത്തകർ തെരുവിൽ നടത്തിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളയാൾ മന്ത്രിയായി തുടരുന്നത് അധാർമ്മികമെന്ന് ​ഗവർണർ വകുപ്പ് മാറ്റത്തിന് അനുമതി നൽകിക്കൊണ്ട് വ്യക്തമാക്കി. വകുപ്പ് വിഭജിച്ച് നൽകി രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്സൈസ് വകുപ്പ് മുത്തുസാമിക്കും കൈമാറാനാണ് എംകെ സ്റ്റാലിൻ ശുപാർശ ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'