
റായ്പൂർ: ഛത്തീസ്‌ഗഢിലെ ബലോഡബസാർ ജില്ലയിൽ നാല് മാസത്തിനിടെ എട്ട് പേരെ വിഷം നൽകി കൊലപ്പെടുത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഖർവെ ഗ്രാമവാസിയായ രാം സഹായ് ജയ്‌സ്വാൾ (46) എന്നയാളാണ് പിടിയിലായത്. ഈ വർഷം ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയത്. മദ്യത്തിൽ ബോറാക്സ് പൗഡർ കലർത്തി നൽകിയാണ് ഇയാൾ ഇരകളെ കൊലപ്പെടുത്തിയത്. പോലീസ് ഇയാളെ ഒരു "സൈക്കോ കൊലയാളി" എന്നാണ് വിശേഷിപ്പിച്ചത്. മുൻവൈരാഗ്യം, ചെറിയ തർക്കങ്ങൾ, അന്ധവിശ്വാസം എന്നിവയായിരുന്നു കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം.
തുടർച്ചയായി നടക്കുന്ന മരണങ്ങളിൽ സംശയം തോന്നിയ ഗ്രാമവാസികളും ബന്ധുക്കളും ഈ മാസം ആദ്യം പോലീസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. അതുവരെ പല മരണങ്ങളും അസുഖം മൂലമുള്ള സ്വാഭാവിക മരണങ്ങളായാണ് കണക്കാക്കിയിരുന്നത്. എന്നാൽ മരണപ്പെട്ടവരെല്ലാം അവസാനമായി രാം സഹായുമായി സമ്പർക്കം പുലർത്തിയിരുന്നു എന്ന കണ്ടെത്തലാണ് സംശയത്തിന് കാരണമായത്. തുടർന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും, മെയ് 14-ന് മരിച്ച അവസാനത്തെ ഇര മഹേതരു സാഹുവിന്റെ മൃതദേഹം ജൂൺ 13-ന് പുറത്തെടുത്ത് പരിശോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മറ്റ് ആറ് പേരുടെ മൃതദേഹങ്ങൾ കൂടി പുറത്തെടുത്ത് റായ്പൂരിലെ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഒരു ഇരയുടെ മൃതദേഹം നേരത്തെ തന്നെ സംസ്‌കരിച്ചതിനാൽ അത് ലഭ്യമല്ലായിരുന്നു.
എലികളെ കൊല്ലാനാണെന്ന് വ്യാജേനയാണ് പ്രതി ഒരു ഗ്രാമവാസിയിൽ നിന്ന് ബോറാക്സ് പൗഡർ വാങ്ങിയത്. ഇതൊരു നായയിൽ പരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് മനുഷ്യരിൽ പ്രയോഗിച്ചത്. കൊലപാതകം നടത്തിയ ശേഷം, തനിക്കെതിരെ യാതൊരു സംശയവും വരാതിരിക്കാൻ പ്രതി അതീവ ജാഗ്രത പുലർത്തിയിരുന്നു. ഇരകളെ ആശുപത്രിയിലെത്തിക്കാൻ ബന്ധുക്കളെ സഹായിക്കുകയും, മരണശേഷം അവരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ എല്ലാ കൊലപാതകങ്ങളും സമ്മതിച്ചു. പ്രതിക്കെതിരെ എട്ട് കൊലപാതകക്കേസുകളും ഒരു വധശ്രമക്കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam