
ദില്ലി: സംയുക്ത പ്രസ്താവനയുമായി വാക്സിൻ കമ്പനികളായ സിറവും ഭാരത് ബയോടെക്കും. വാക്സിന്റെ അവശ്യകത മനസ്സിലാക്കുന്നു. വാക്സിൻ എത്തിക്കാന് യോജിച്ച് പ്രവര്‍ത്തിക്കും. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. വാക്സിൻ നിർമാണത്തിലും വിതരണത്തിലുമാണ് ശ്രദ്ധയെന്നും രാജ്യത്തും ആഗോളത്തലത്തിലും യോജിച്ച് പ്രവർത്തിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. വാക്സിൻ കമ്പനികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടലിന് പിന്നാലെയാണ് പ്രസ്താവന.
കൊവിഷിൽഡ് വാക്സിൻ്റെ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓഫ് ഇന്ത്യയും കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കും തമ്മിലാണ് കലഹമുണ്ടായിരുന്നത്. വാക്സിൻ്റെ വിജയസാധ്യത കൃത്യമായി പ്രസിദ്ധീകരിക്കും മുൻപ് കൊവാക്സിന് അനുമതി നൽകിയ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേശും രംഗത്തു വന്ന സാഹചര്യത്തിലാണ് ഇരുകമ്പനികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഐസിഎംആറും പൂണെ ആസ്ഥനമായ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ടും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കും ചേർന്നാണ് കൊവാക്സിൻ നിർമ്മിച്ചത്.
Also Read: 'പനിക്ക് മരുന്ന് കൊടുത്ത് വാക്സിൻ പരീക്ഷിച്ചിട്ടില്ല'; കൊമ്പ് കോർത്ത് വാക്സിൻ നിർമ്മാണ കമ്പനികൾ
വാക്സിൻ്റെ കാര്യക്ഷമതയ്ക്ക് നേരെ ആരോപണം ഉയർന്നതോടെ വിമർശകർക്ക് ശക്തമായ മറുപടിയുമായി ഭാരത് ബയോടെക്ക് എംഡി കൃഷ്ണ ഇല തന്നെ നേരിട്ട് രംഗത്തു വന്നിരുന്നു. ഏറ്റവും ആദ്യം കൊവിഡ് വാക്സിൻ വികസിപ്പിച്ച് ഉപയോഗ അനുമതി നേടിയ അമേരിക്കൻ കമ്പനിയായ ഫൈസറിനോളം മികവുള്ള കമ്പനിയാണ് ഭാരത് ബയോടെക്കെന്നും ആഗോളനിലവാരത്തിൽ 15ഓളം വാക്സിനുകളും അസംഖ്യം മരുന്നുകളും തങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കൃഷ്ണ ഇല അവകാശപ്പെട്ടിരുന്നു.
Also Read: കൊവിഡ് വാക്സിൻ വിതരണത്തിന്റെ തീയ്യതി പ്രഖ്യാപനം ഉടൻ; ഈ ആഴ്ച തന്നെ വിതരണം തുടങ്ങിയേക്കും
കൊവിഡ് ഷിൽഡ് നിർമ്മാതാക്കളായ അസ്ട്രാസെനെക്ക - ഓക്സ്ഫർഡ് - സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർക്കെതിരെയും രൂക്ഷവിമർശനമാണ് കൃഷ്ണ ഇല നടത്തിയത്. അസ്ട്രസെനെക്കയെ പോലെയാണ് കൊവിഡ് വാക്സിൻ പരീക്ഷിച്ചിരുന്നതെങ്കിൽ ഇന്ത്യൻ നിയമം അനുസരിച്ച് തങ്ങളുടെ കമ്പനി ഇതിനോടകം പൂട്ടിപ്പോയേനെയെന്നും കൃഷ്ണ ഇല പരിഹസിച്ചു. വാക്സിൻ പരീക്ഷണത്തിന് വന്ന വളണ്ടിയർമാർക്ക് ആദ്യം പാരസെറ്റാമോൾ ഗുളിക കൊടുത്ത ശേഷമാണ് കൊവിഷിൽഡ് വാക്സിൻ നൽകിയതെന്നും കൃഷ്ണ ഇല പരിഹസിച്ചു.
ഫൈസർ,മൊഡേണ, കൊവിഷിൽഡ് എന്നിവ മാത്രമാണ് നിലവിൽ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച സുരക്ഷിതമായ വാക്സിനുകളെന്നും മറ്റുള്ളവയെല്ലാം വെറും വെള്ളം മാത്രമാണെന്നും നേരത്തെ സെറം ഇൻസിറ്റ്യൂട്ട് മേധാവി അദർ പൂനാവല ഒരു ടെലിവിഷൻ പരിപാടിയിൽ പരിഹസിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam