ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം നിർത്തിയത് രാജ്യത്തെ മരുന്ന് പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

By Web TeamFirst Published Sep 9, 2020, 3:54 PM IST
Highlights

കേന്ദ്ര സർക്കാർ പരീക്ഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പൂണെ: ആസ്ട്ര സെനേക കൊവിഡ് പരീക്ഷണം നിർത്തിയ നടപടി രാജ്യത്തെ മരുന്ന് പരീക്ഷണത്തെ  ബാധിച്ചിട്ടില്ലെന്ന് പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്ത് 17 സെന്‍ററുകളിൽ മുന്നാംഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്ര സർക്കാർ പരീക്ഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാക്സിൻ കുത്തിവെച്ച വൊളന്‍റിയര്‍മാരില്‍ ഒരാൾക്ക്  അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിർത്തുന്നതെന്ന് ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്ക അറിയിച്ചിരുന്നു.  എന്നാല്‍ പാർശ്വഫലം ഉണ്ടാവുക സാധാരണ സംഭവിക്കുന്നതാണെന്നും പി സി നമ്പ്യാർ പറഞ്ഞു. 

അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണമാണ് ഓക്സ്ഫോഡ് സർവകലാശാല നിർത്തിവെച്ചത്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനേക അറിയിച്ചിട്ടുണ്ട്. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. 


 

click me!