
ചെന്നൈ : വിജിലൻസ് തലപ്പത്തെ നിയമനത്തിൽ വിജയ് സർക്കാരിന് ഹൈക്കോടതിയിൽ നിന്നും വിമർശനം. തമിഴ്നാട് വിജിലൻസ് മേധാവിയായി എ.അരുണിനെ നിയമിച്ചതിനെതിനെയാണ് മദ്രാസ് ഹൈക്കോടതി വിമർശിച്ചത്. വിജിലൻസ് മേധാവിയുടേത് സത്യസന്ധതയും വിശ്വാസ്യതയുമുള്ള ഉദ്യോഗസ്ഥർ ഇരുന്ന പദവിയാണെന്നും,അഴിമതി സാമൂഹ്യ വിപത്തായി മാറിയിരിക്കെ സംശയത്തിന്റെ കണിക പോലും ഇല്ലാത്തവർ വേണം പദവിയിൽ ഇരിക്കാനെന്നും സീസറിന്റെ ഭാര്യയെ പോലെ വിജിലൻസ് മേധാവിയും സംശയത്തിന് അതീതനാകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അരുണിനെതിരായ മറ്റൊരു കേസ് പരിഗണിക്കവേയാണ് കോടതി പരാമർശമെന്നതും ശ്രദ്ധേയമാണ്.
റിയൽ എസ്റ്റേറ്റ് വ്യവസായിക്കെതിരെ അരുൺ ചുമത്തിയ ഗുണ്ടാനിയമം റദ്ദാക്കിയ ഉത്തരവിലാണ് ഗുരുതര പരാമർശങ്ങളുള്ളത്. അരുണിനെ വിളിച്ചുവരുത്തി ശാസിച്ച ശേഷമാണ് കോടതി ഗുണ്ടാനിയമം റദ്ദാക്കിയത്. അകാരണമായി ബോധപൂർവമാണ് അരുൺ നിയമവിരുദ്ധ ഉത്തരവിറക്കിയതെന്ന് കോടതി കണ്ടെത്തി. ഉത്തരവിടുമ്പോൾ അരുണിനെ പദവിയില്ലാതെ മാറ്റിനിർത്തിയിരിക്കുകയായിരുന്നു . എന്നാൽ ഞങ്ങളുടെ മുന്നിൽ എത്തുമ്പോഴേക്കും അരുൺ വിജിലൻസ് മേധാവി ആയി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. അരുണിന്റെ നിയമനം പരക്കെ വിമർശന വിധേയമായിരിക്കെയാണ് മറ്റൊരു കേസ് പരിഗണിക്കവേ കോടതി പരാമർശങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam