'ദൈവത്തിന് മുന്നിൽ രാഷ്ട്രപതി പോലും സാധാരണക്കാരൻ, പിന്നെ എന്തിനാണ് വിഐപി ദർശനം'; നിരീക്ഷണവുമായി ഹൈക്കോടതി

Published : May 30, 2026, 07:45 AM ISTUpdated : May 30, 2026, 07:47 AM IST
Madras High Court on VIP Darshan

Synopsis

ദൈവത്തിന് മുന്നിൽ എല്ലാ വിശ്വാസികളും തുല്യരാണെന്ന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. വിഐപി ദർശനത്തിനെതിരായ ഹർജിയിലാണ് ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റെ നിരീക്ഷണം. 

ചെന്നൈ: ക്ഷേത്രങ്ങളിലെ വിഐപി ദർശനത്തെക്കുറിച്ചു നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ദൈവത്തിന് മുന്നിൽ എല്ലാ വിശ്വാസികളും തുല്യരാണെന്ന് വാക്കാൽ പറഞ്ഞ കോടതി, വിഐപികൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ ദർശന ക്രമീകരണങ്ങൾ മറ്റ് വിശ്വാസികൾക്ക് അസൗകര്യത്തിനും കാലതാമസത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി. വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡൻ്റ് പി ചൊക്കലിം​ഗം സമ‍ർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് നിരീക്ഷണം.

"കൂടുതൽ പണം നൽകിയാൽ എനിക്ക് ചെന്ന് ദൈവത്തെ കെട്ടിപ്പിടിക്കാൻ പോലും കഴിയുമോ? ദൈവത്തിന് മുന്നിൽ രാഷ്ട്രപതി പോലും സാധാരണക്കാരനാണ്. പിന്നെ എന്തിനാണ് നമുക്ക് വിഐപി ദർശനം? ദൈവത്തിന് മുൻപിൽ എല്ലാവരും തുല്യരല്ലേ?"- കോടതി ചോദിച്ചു.

പണം വാങ്ങി സ്പെഷ്യൽ ദർശനം അനുവദിക്കുന്നതും വിഐപി ദർശനവും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാ‍ർ, നവദമ്പതികൾ, ​ഗർഭിണികൾ തുടങ്ങിയവ‍ർക്കുള്ള സ്പെഷ്യൽ ദർശനം നിലനിർത്തി, പണം വാങ്ങിയുള്ള സ്പെഷ്യൽ ദർശനവും വിഐപി ദർശനവും നി‍ർത്തലാക്കണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. സംസ്ഥാനത്തെ വലിയ ക്ഷേത്രങ്ങളിൽ അടക്കം വിഐപി ദർശനം, സ്പെഷ്യൽ ദർശനം തുടങ്ങിയ പേരുകളിൽ ക്രമീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും സാധാരണക്കാരായ വിശ്വാസികൾക്ക് ദർശനത്തിനുള്ള കാത്തിരിപ്പ് സമയത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സർക്കാരിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും മുതി‍ർന്ന പൗരന്മാർക്കായി വീൽചെയർ സൗകര്യം നടപ്പിലാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ദർശനത്തിന് പണം നൽകുന്നത് നിർബന്ധമല്ലെന്നും തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ തുക ഈടാക്കുന്നതെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അധിക സമയം ചോദിച്ചതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റിവെച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിൽ വൻ കൂട്ടക്കൊല: വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത് ആറ് പേരെ; സംഭവം രണ്ട് കുടുംബങ്ങൾ തമ്മിലെ ഭൂമിത്തർക്കത്തെ തുടർന്നെന്ന് പൊലീസ്
ഒടുവിൽ തീരുമാനമായി, കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും; സത്യപ്രതിജ്ഞ ജൂൺ മൂന്നിന്