അമിത വേഗതയിലെത്തിയ ലോറി പാഞ്ഞുകയറി, റോഡരികിലിരുന്ന ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Published : Sep 11, 2023, 11:22 AM ISTUpdated : Sep 11, 2023, 11:29 AM IST
അമിത വേഗതയിലെത്തിയ ലോറി പാഞ്ഞുകയറി, റോഡരികിലിരുന്ന ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Synopsis

വാനുകളിൽ ഒന്ന് തകരാറിലായി. ഇതോടെ യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി റോഡരികില്‍ ഇരുക്കുകയായിരുന്നു

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി ആദ്യം പാഞ്ഞുകയറി. പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക് സമീപമാണ് സംഭവം.  

ഏഴ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂർ യാത്രയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്. നാട്രംപള്ളിക്ക് സമീപമെത്തിയപ്പോള്‍ വാനുകളിൽ ഒന്ന് തകരാറിലായി. ഇതോടെ യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി റോഡരികില്‍ ഇരുക്കുകയായിരുന്നു. ആ സമയത്ത് കൃഷ്ണഗിരിയിൽ നിന്ന് വന്ന മിനിലോറി അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന വാനുമായി  കൂട്ടിയിടിച്ചു. തുടർന്ന് റോഡരികില്‍ ഇരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു.

അപകട സാധ്യതയുള്ള വളവിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായതെന്ന് തിരുപ്പത്തൂര്‍ പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

നിർത്തിയിട്ട ലോറിയിലേക്ക് അതിവേഗതയിലെത്തിയ വാൻ ഇടിച്ചുകയറി ആറ് മരണം

തമിഴ്നാട്ടില്‍ നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് അതിവേ​ഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി ആറു പേർ മരിച്ച സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. തമിഴ്നാട്ടിലെ സേലം- ഈറോഡ് ഹൈവേയിൽ സേലം ജില്ലയിലെ ശങ്കരി മേഖലയിൽ ബുധനാഴ്ച പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്. ഒമിനി വാൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുന്നതിന്റെ സി.സി.ടി.വി ​ദൃശ്യം പുറത്തുവന്നു. അപകടത്തിൽ വാൻ പൂർണമായും തകർന്നു. എൻ​ഗുരിൽനിന്ന് പെരുതുറൈയിലേക്ക് പോവുകയായിരുന്ന എട്ടു പേരാണ് വാനിലുണ്ടായിരുന്നത്.

ഈറോഡ് ജില്ലയിലെ പെരുതുറൈക്ക് സമീപമുള്ള കുട്ടംപാളയം സ്വദേശികളും ബന്ധുക്കളുമായ സെൽവരാജ് ‌(50), അറമു​ഖം(48), അറമുഖത്തിൻെ ഭാര്യ മഞ്ജുള(45), പളനിസ്വാമി(45), പളനിസ്വാമിയുടെ ഭാര്യ പാപ്പാത്തി (40), സഞ്ജന (1) എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ വാൻ ഡ്രൈവർ വി​ഗ്നേഷ് ‌(25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രിയയുടെ മകളാണ് മരിച്ച ഒരു വയസുകാരി സഞ്ജന. മരിച്ച അറമുഖത്തിന്റെ മകനാണ്  വി​ഗ്നേഷ്. 

അപകടം നടന്നശേഷം ഏറെ ശ്രമകരമായാണ് വാനിലുണ്ടായിരുന്നവരെ പുറത്തേക്ക് എടുത്തത്. അതിവേ​ഗതയിലായിരുന്ന മിനി വാൻ ലോറിക്കുള്ളിലേക്ക് പൂർണമായും ഇടിച്ചുകയറിയതിനാൽ തന്നെ അപകടത്തിന്റെ ആഘാതവും കൂടി.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി