
ദില്ലി: ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നാലെ ആയിരം അടി (300 മീറ്റർ) ദൂരെയുള്ള കടയ്ക്ക് മുകളിൽ നിന്ന് ശരീര ഭാഗം കണ്ടെത്തി. ലജ്‌പത് റായ് മാർക്കറ്റിലെ കടയ്ക്ക് മുകളിൽ ഒരാളുടെ വേർപെട്ട കൈ കിടക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചെങ്കോട്ടയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന വ്യാപാര കേന്ദ്രമാണിത്. വിവരമറിഞ്ഞ് ദില്ലി പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി.
ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചതായി ഇന്ന് ദില്ലിയിലെ എൽഎൻജെപി ആശുപത്രി സ്ഥിരീകരിച്ചു. ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ബിലാലാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത ഫഹീം എന്നയാളും അറസ്റ്റിലായി. ഇയാൾ ഉമറിന്റെ ബന്ധുവെന്നാണ് വിവരം. ഫരീദാബാദ് സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട നാലാമത്തെ കാറിനായി ഫരീദാബാദ് കേന്ദ്രീകരിച്ച് തെരച്ചിൽ നടക്കുന്നുണ്ട്.
അതേസമയം ചെങ്കോട്ടയ്ക്ക് പിന്നാലെ രാജ്യത്ത് സ്ഫോടന പരമ്പരയായിരുന്നു കസ്റ്റഡിയിലുള്ളവരുടെ ലക്ഷ്യമെന്നാണ് ദില്ലിയിൽ നിന്ന് പുറത്തുവരുന്നത്. അക്രമികൾ ഒരേ സമയം നാല് നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്നും രണ്ട് പേരടങ്ങുന്ന നാല് സംഘമായി സ്ഫോടനം നടത്തുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചു. സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കിയാണ് പ്രതികൾ ആശയവിനിമയം നടത്തിയത്. സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ഇവർ കൂടുതൽ വാഹനങ്ങൾ വാങ്ങിയിരുന്നോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഐ 20, ഇക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി കസ്റ്റഡിയിലെടുത്തവർ വാങ്ങിയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായാണ് നിഗമനം.