സിഡി വിവാദം; ദിനേശ് കലഹള്ളി ബെംഗളൂരു പൊലീസിന് മുന്നിൽ ഹാജരായി

By Web TeamFirst Published Mar 5, 2021, 1:51 PM IST
Highlights

കർണാടകത്തിലെ ഏറ്റവും വലിയ ജില്ലയായ ബെലഗാവിയില്‍ നിർണായക സ്വാധീനമുള്ള ജാർക്കിഹോളി കുടുംബത്തില്‍നിന്നുള്ള നേതാവാണ് രമേശ് ജാർക്കിഹോളി...

ബെം​ഗളുരു: മുൻമന്ത്രി രമേശ് ജർക്കിഹോളിക്കെതിരെ പരാതി നൽകിയ ദിനേശ് കലഹള്ളി ബെംഗളൂരു പൊലീസിന് മുന്നിൽ ഹാജരായി. പെൺകുട്ടിയുടെ ആവശ്യപ്രകാരം എന്നവകാശപ്പെട്ട് ദിനേഷാണ് സിഡിയടക്കം പരാതി നൽകിയത്. മൊഴി നൽകാൻ  കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു.

കർണാടകത്തില്‍ ഉയർന്ന സിഡി വിവാദം ഉടന്‍ അവസാനിച്ചേക്കില്ല. പരാതിക്കാരന്‍ പുറത്തുവിട്ട യുവതിയുമായുള്ള മുന്‍ മന്ത്രിയുടെ സംഭാഷണത്തില്‍ യെദിയൂരപ്പ നന്നായി അഴിമതി നടത്തുന്നുണ്ടെന്നും, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അടുത്ത കർണാടക മുഖ്യമന്ത്രിയാകുമെന്നും പറയുന്നുണ്ട്. സർക്കാറിനെതിരെ ഇതും ആയുധമാക്കുകയാണ് പ്രതിപക്ഷം.

പീഡനപരാതിയോടൊപ്പം തെളിവായി നല്‍കിയ യുവതിയുമായുള്ള രമേശ് ജാർക്കിഹോളിയുടെ ഫോൺ സംഭാഷണങ്ങളിലൊന്നിലാണ് മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന പരാമർശമുള്ളത്. സിദ്ദരാമയ്യ നല്ല മുഖ്യമന്ത്രിയായിരുന്നു, എന്നാല്‍ യെദിയൂരപ്പ നന്നായി അഴിമതി നടത്തുന്നുന്നുണ്ട്. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അടുത്ത കർണാടക മുഖ്യമന്ത്രിയാകുമെന്നും ജാർക്കിഹോളി യുവതിയോട് പറയുന്നുണ്ട്. ഒരുമാസം മാത്രം പഴക്കമുണ്ടെന്ന് കരുതുന്ന ഈ സംഭാഷണങ്ങൾ സർക്കാറിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്ന് ഡികെ ശിവകുമാർ ആവശ്യപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്ത്വം വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും  കർണാടക പിസിസി അധ്യക്ഷന്‍ പറഞ്ഞു. യെദിയൂരപ്പയ്ക്കെതിരെ നിർണായക തെളിവുകളുള്ള ഒരു സിഡി പുറത്തുവരാനുണ്ടെന്ന് നേരത്തയും ശിവകുമാർ ആരോപിച്ചിരുന്നു.

മുന്‍മന്ത്രിയുടെ അടുത്തനീക്കമെന്തെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. കർണാടകത്തിലെ ഏറ്റവും വലിയ ജില്ലയായ ബെലഗാവിയില്‍ നിർണായക സ്വാധീനമുള്ള ജാർക്കിഹോളി കുടുംബത്തില്‍നിന്നുള്ള നേതാവാണ് രമേശ് ജാർക്കിഹോളി. ഇതിനിടെ വിവാദ സിഡി ആരാണ് നിർമിച്ചതെന്ന് കണ്ടെത്തണമെന്നും, രാഷ്ട്രീയ നേതാക്കളുടെ ഇതിലെ പങ്ക് സിബിഐ അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മുന്‍മന്ത്രിയുടെ സഹോദരനും ക‍ർണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയർമാനുമായ ബാലചന്ദ്ര ജാർക്കിഹോളി മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയിട്ടുണ്ട്.

click me!