
ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകൾ. ഇവര്‍ കസ്റ്റഡിയിൽ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. വീടുകളിലും എത്തിയിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുമെന്ന് കര്‍ഷക നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ ലക്ഷത്തിലധികം കര്‍ഷകര്‍ ട്രാക്ടറുകളിലും നടന്നും ദില്ലിക്കുള്ളിലേക്ക് കയറി. ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കര്‍ഷകരുടെ പട്ടികയാണ് ദില്ലി പൊലീസിന്‍റെ കയ്യിലുള്ളത്. ഇതിൽ നൂറിലധികം പേര്‍ ജാമ്യത്തിലിറങ്ങി. മറ്റുള്ളവര്‍ തീഹാര്‍ ജയിലിലുണ്ട്. കാണാതായ കര്‍ഷകരുടെ പേരുകൾ ദില്ലി പൊലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവര്‍ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇവര്‍ വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിലുള്ളവരിലും ഈ 14 പേരില്ല.
വ്യത്യസ്ത ഇടങ്ങളിൽ നിന്നുപോയ 14 കര്‍ഷകരുടെ മൊബൈൽ ഫോണുകൾ ഒരുപോലെ പ്രവര്‍ത്തിക്കാത്തത് ദുരൂഹമാണെന്ന് കര്‍ഷക നേതാക്കൾ പറഞ്ഞു. കാണാതായ 14 പേരും പഞ്ചാബ് സ്വദേശികളാണ്. ഇവരെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ദില്ലി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam