
ബെംഗളുരു: സ്ത്രീയുടെ മൃതദേഹത്തോട് നടത്തുന്ന ലൈംഗിക അതിക്രമത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. 21കാരിയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ 21 കാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന്റെ ജീവപരന്ത്യം ശിക്ഷ കര്‍ണാടക ഹൈക്കോടതി ശരിവച്ചു.
2015ല്‍ കര്‍ണാടകയിലെ തുംകുരുവില്‍ 21 കാരിയെ കൊല ചെയ്ത് പീഡിപ്പിച്ചുവെന്ന കേസിലെ വിചാരണ കോടതിയുടെ തീരുമാനത്തിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗിക അതിക്രമം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 377ാം വകുപ്പിന് കീഴില്‍ വരില്ലെന്നാണ് ജസ്റ്റിസ് ബി വീരപ്പയും ജസ്റ്റിസ് വെങ്കടേഷ് നായിക്കും അടങ്ങിയ കര്‍ണാടക ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചത്. മൃതദേഹത്തോട് ചെയ്യുന്ന ലൈംഗിക അതിക്രമങ്ങള്‍ (നെക്രോഫീലിയ) കുറ്റകരമാക്കാന്‍ 377ാം വകുപ്പില്‍ ഭേദഗതി വരുത്തണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375, 377 വകുപ്പുകള്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചാല്‍ ഇതില്‍ മൃതദേഹത്തോടുള്ള ലൈംഗികാതിക്രമം ഈ വകുപ്പിന് കീഴില്‍ വരില്ലെന്ന് വ്യക്തമാകും. അതിനാല്‍ തന്നെ യുവാവിന്‍റെ കേസില്‍ ബലാത്സംഗം എന്ന വകുപ്പ് നിലനില്‍ക്കിലെന്നാണ് കോടതി നിരീക്ഷിച്ചത്. മൃതദേഹത്തോടുള്ള ആദരവ് നിലനിര്‍ത്തുന്നതിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും കോടതി വിശദമാക്കി. മനുഷ്യന്‍റെ ജീവിതത്തേക്കുറിച്ചുള്ള അവകാശത്തില്‍ ഉള്‍പ്പെടുന്നതാണ് മൃതദേഹത്തോടുള്ള ആദരവെന്നും കോടതി വിലയിരുത്തി.
ഈ ഉത്തരവിന്‍റെ സാക്ഷ്യപ്പെടുത്തിയ കോപ്പി ലഭിക്കുന്നതിന് പിന്നാലെ ആറുമാസത്തിനുള്ളില്‍ ഭരണഘടനയിലെ 21ാം വകുപ്പ് അനുസരിച്ച് മൃതദേഹത്തിന് ആദരവ് ലഭിക്കേണ്ടത് സംബന്ധിയായ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രകൃതി വിരുദ്ധ പീഡനമെന്ന വകുപ്പും യുവാവിനെതിരായ കേസില്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. നെക്രോഫീലിയയെ ഐപിസി 376ാ വകുപ്പിന് കീഴില്‍ ശിക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കൊലപാതകത്തിനും പീഡനത്തിനുമായിരുന്നു യുവാവിന് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം ചെയ്ത ശേഷം നടത്തിയ അതിക്രമം എന്ന് പ്രോസിക്യൂഷന്‍ വിശദമാക്കിയതിന് പിന്നാലെയായിരുന്നു കോടതി തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam