
ചെന്നൈ: തമിഴ് കവി വൈരമുത്തുവിന് രാജ്യത്തെ ഏറ്റവും ഉന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിൽ രൂക്ഷമായ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. ഒരു ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കാനാണ് ഇന്ത്യൻ സർക്കാരും രാഷ്ട്രീയക്കാരും ചലച്ചിത്ര ലോകവും എപ്പോഴും ശ്രമിക്കുന്നതെന്ന് ചിന്മയി തന്റെ എക്സ് ഹാൻഡിലിലൂടെ തുറന്നടിച്ചു. വൈരമുത്തുവിനെതിരെ മുൻപ് 'മീ ടൂ' ആരോപണമുന്നയിച്ച ചിന്മയി, ഈ പുരസ്കാര പ്രഖ്യാപനം അങ്ങേയറ്റം ലജ്ജാകരമാണെന്നും കുറിച്ചു. വൈരമുത്തുവിനാൽ ജീവിതവും സ്വപ്നങ്ങളും കരിയറും തകർക്കപ്പെട്ട സ്ത്രീകളുടെ രോഷം ഇവർക്കുമേൽ പതിക്കട്ടെയെന്നും ചിന്മയി കുറിച്ചു. തമിഴ് സിനിമയിലെ പല പ്രമുഖരും രാഷ്ട്രീയക്കാരും വൈരമുത്തുവിനെ പിന്തുണയ്ക്കുന്നതിനെതിരെ ചിന്മയി നേരത്തെയും പലതവണ രംഗത്തെത്തിയിട്ടുണ്ട്. ഈ ഉന്നത പുരസ്കാര പ്രഖ്യാപനം സ്ത്രീകളുടെ പോരാട്ടങ്ങളെ അവഹേളിക്കുന്നതാണെന്ന വികാരമാണ് ചിന്മയിയുടെ വാക്കുകളിൽ പ്രകടമാകുന്നത്.
2018 ലാണ് ഗായിക ചിന്മയി ശ്രീപദ, വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. സ്വിറ്റ്സർലാൻഡിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ഗായിക ചിൻമയി ശ്രീപദയുടെ വെളിപ്പെടുത്തൽ. എന്നാല്‍ ഈ ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചിരുന്നു. എന്നാല്‍ വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്നാണ് ചിന്മയി പ്രതികരണത്തോട് തുറന്നടിച്ചത്. ചിന്മയിക്ക് പിന്നാലെ മറ്റൊരു ഗായികയും വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും വൈരമുത്തുവിനെതിരെ വിമർശനം ഉയർന്നുവരുന്നുണ്ട്.
2025 ലെ ജ്ഞാനപീഠ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് ഇന്ന് ഉച്ചക്ക് ശേഷമാണ് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിൽ നിന്നും ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. മികച്ച ഗാനരചയിതാവാനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവും പുരസ്‌കാരം 2002ന് ശേഷം ആദ്യമായി തമിഴ് ഭാഷയ്ക്ക് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്‌കാരം കൂടിയാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam