
ബെംഗളൂരു; കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യ ജി.എസ്. (36) എന്ന യുവതിയെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു. ഏപ്രിൽ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.
ഏപ്രിൽ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സിഗ്നൽ നഷ്ടപ്പെട്ടു. ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തിരച്ചിൽ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിച്ചാണ് തിരച്ചിൽ നടക്കുന്നത്. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ശരണ്യയുടെ സഹോദരൻ കുടകിലെത്തിയിട്ടുണ്ട്. നാപ്പോക്ലു പോലീസ് സ്റ്റേഷനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. യുവതിഅപകടത്തിൽപ്പെട്ടതാണോ വഴിമാറി സഞ്ചരിച്ചതാണോയെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam