
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖർഗെയ്ക്കു വേണ്ടി മുതിർന്ന നേതാക്കൾ പരസ്യമായി പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ശശി തരൂർ. കേരളത്തിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മല്ലികാർജുൻ ഖാർഗെക്കായി പരസ്യമായി പ്രചാരണം നടത്തുന്നതിന് പിന്നാലെയാണ് വിമർശനവുമായി തരൂർ രംഗത്തെത്തിയത്. മുതിർന്ന നേതാക്കൾ പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിട്ടി പരിശോധിക്കണമെന്നും ശശി തരൂർ വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും പ്രചാരണം നടത്തുന്നുണ്ടെന്നും തരൂർ പറഞ്ഞു.
മല്ലികാർജുൻ ഖർഗെയ്ക്ക് വേണ്ടി മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പരസ്യമായി പ്രചാരണ രംഗത്തെത്തിയതിൽ തരൂർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ തൃപ്തിയുള്ളവര്‍ തനിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്നും തരൂർ പറഞ്ഞു. കുറേ വര്‍ഷങ്ങളായി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താത്തതിനാല്‍ നിരവധി ന്യൂനതകള്‍ പാർട്ടിയിൽ നിലനിൽക്കുന്നുണ്ടെന്നും തരൂർ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഖാര്‍ഗെയുമായി ശത്രുതയുമില്ല. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന നിലയിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് വിട്ടുപോയ പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഇരുവരും ശക്തമായ പ്രചാരണം നടത്തിയത്.
അതേസമയം, നേതാക്കള്‍ പരസ്യമായി പിന്തുണയ്ക്കുന്നുവെന്ന ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി ഖാർഗെ രംഗത്ത്. തങ്ങൾ സഹോദരങ്ങളാണെന്നും പരസ്പരം പ്രതികാരബുദ്ധിയില്ലെന്നുമാണ് ഖാർഗെ പ്രതികരിച്ചു "ഞങ്ങൾ സഹോദരങ്ങളാണ്. ചിലർ വേറെ രീതിയിൽ പറഞ്ഞെന്നിരിക്കും. ഞാനത് വ്യത്യസ്തമായി പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ തമ്മിൽ പക്ഷഭേദമില്ല". ഖാർഗെ പറഞ്ഞു.
പല പിസിസി മേധാവികളും മുതിർന്ന നേതാക്കളും അവരവരുടെ സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോൾ താനുമായുള്ള കൂടിക്കാഴ്ച്ച ഒഴിവാക്കുന്നതായി തരൂർ ആരോപിച്ചിരുന്നു. നേതാക്കളെല്ലാം ഖാർഗെയെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്നും തരൂർ പറഞ്ഞിരുന്നു.
'ഞങ്ങൾ സഹോദരങ്ങൾ, ശത്രുതയില്ല'; തരൂരിന്റെ ആരോപണത്തിൽ മറുപടിയുമായി ഖാർഗെ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam