
ദില്ലി: യുക്രെയ്ൻ വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താന്‍ ചൈനയുമായും റഷ്യയുമായും ചര്‍ച്ച നടത്തിയ ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ജി20യില്‍ ഇന്ത്യയ്ക്കിത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലാണ് ശശി തരൂരിന്‍റെ പ്രതികരണം.
നന്നായി അമിതാഭ് കാന്ത്! നിങ്ങൾ ഐഎഎസ് തെരഞ്ഞെടുത്തപ്പോൾ ഐഎഫ്‌എസിന് ഒരു നയതന്ത്രജ്ഞനെ നഷ്‌ടമായെന്ന് തോന്നുന്നുവെന്നാണ് അമിതാഭ് കാന്തിനെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ച് ശശി തരൂര്‍ കുറിച്ചത്. കേരള കേഡറിലെ 1980 ബാച്ച് ഐഎഎസ് ഓഫീസറാണ് അമിതാഭ് കാന്ത്. യുക്രെയ്ൻ വിഷയത്തില്‍ 200 മണിക്കൂറോളം ചര്‍ച്ച നടത്തിയാണ് സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്തിയത്. റഷ്യയുമായും ചൈനയുമായും ഒന്നിലധികം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയെന്നും അമിതാഭ് കാന്ത് പറഞ്ഞു. നീതി ആയോഗ് മുന്‍ സിഇഒ കൂടിയാണ് അമിതാഭ് കാന്ത്.
റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടിയെന്നും പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ജി20 വേദിയില്‍ ആഹ്വാനം ചെയ്തു. കൊവിഡിന് ശേഷം ലോകത്ത് വലിയ വിശ്വാസരാഹിത്യമുണ്ടായി. റഷ്യ -യുക്രെയ്ൻ സംഘർഷം ഈ വിശ്വാസരാഹിത്യം വർദ്ധിക്കാൻ ഇടയാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലോകത്തിന് മുന്നിൽ പുതിയൊരു മാർഗം തുറക്കേണ്ട സമയമാണ്. പഴയ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. കൊവിഡ് 19 നെ തോൽപ്പിക്കാൻ കഴിഞ്ഞ നമുക്ക് യുദ്ധം സൃഷ്ടിച്ച വിശ്വാസരാഹിത്യത്തെ മറികടക്കാനും കഴിയും. എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചുവെന്നും മോദി പറഞ്ഞു.
ജി 20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായമുണ്ടായെന്ന് പ്രധാനമന്ത്രി മോദിയാണ് അറിയിച്ചത്. 'ശുഭവാർത്ത അറിയിക്കുന്നു' എന്ന ആമുഖത്തോടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സമവായത്തിനായി കഠിനാധ്വാനം ചെയ്ത ഷെർപ്പ, മറ്റ് മന്ത്രിമാർ എന്നിവരെ അഭിനന്ദിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
"എനിക്കൊരു ശുഭവാർത്ത ലഭിച്ചിരിക്കുകയാണ്. നമ്മുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി, ദില്ലി ജി20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം രൂപപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിൽ അതിനായി കഠിനാധ്വാനം ചെയ്യുകയും അത് സാധ്യമാക്കുകയും ചെയ്‌ത എന്റെ ഷെർപ്പ, മറ്റ് മന്ത്രിമാർ എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു"- പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.