
ഭോപ്പാല്‍: ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിച്ച സ്ത്രീ അറസ്റ്റില്‍. മധ്യപ്രദേശിലെ പന്നയിലെ രാജകുടുംബാംഗമായ ജിതേശ്വരി ദേവിയെ ആണ് അറസ്റ്റ് ചെയ്തത്. ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം.
ബുന്ദേൽഖണ്ഡിലെ ശ്രീ ജുഗൽ കിഷോർ ക്ഷേത്രത്തില്‍ പതിവു പോലെ ജന്മാഷ്ടമി ദിനത്തില്‍ അര്‍ദ്ധരാത്രി പൂജ നടക്കുകയായിരുന്നു. താന്‍ ആരതി നടത്തുമെന്ന് പറഞ്ഞ് ജിതേശ്വരി ദേവി പൂജ തടസ്സപ്പെടുത്താൻ ശ്രമിച്ചതായി ക്ഷേത്രം അധികൃതർ പറഞ്ഞു. തുടർന്ന് ശ്രീകോവിലിനുള്ളില്‍ കടന്ന ജിതേശ്വരി ദേവിയെ ക്ഷേത്രം ഭാരവാഹികള്‍ തള്ളി പുറത്താക്കാന്‍ ശ്രമിച്ചു. അതിനിടെ അവര്‍ താഴെ വീണു.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ജിതേശ്വരി ദേവിയോട് ക്ഷേത്രത്തില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇതോടെ അവര്‍ പൊലീസിനോടും ക്ഷേത്രഭാരവാഹികളോടും തട്ടിക്കയറി. ജിതേശ്വരി മദ്യപിച്ച് വഴക്കുണ്ടാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. ജിതേശ്വരി ദേവിയെ ബലംപ്രയോഗിച്ചാണ് പൊലീസ് പുറത്തുകൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ശ്രീ ജുഗൽ കിഷോർ ക്ഷേത്രത്തില്‍ ജന്മാഷ്ടമി സമയത്ത് കഴിഞ്ഞ 300 വർഷമായി രാജകുടുംബത്തിലെ പുരുഷന്മാർ മാത്രമാണ് ചടങ്ങ് നടത്തിയിരുന്നതെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ സന്തോഷ് കുമാർ തിവാരി പറഞ്ഞു. ജിതേശ്വരിയുടെ മകനെ ക്ഷണിച്ചെങ്കിലും വന്നില്ല. ജിതേശ്വരി ദേവി ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രശ്നമുണ്ടാക്കി. രാജകുടുംബത്തിലെ സ്ത്രീ ആചാരം ലംഘിച്ച് ശ്രീകൃഷ്ണന്റെ ആരതി തടസ്സപ്പെടുത്തിയത് ദൗർഭാഗ്യകരമാണെന്ന് സന്തോഷ് കുമാർ തിവാരി പറഞ്ഞു.
രാജകുടുംബത്തിലെ പുരുഷന്മാരാണ് ചാൻവാർ എന്ന ചടങ്ങ് നടത്താറുള്ളതെന്ന് പന്ന പൊലീസ് സൂപ്രണ്ട് സായ് കൃഷ്ണ എസ് തോട്ടയും പറഞ്ഞു. മകന് ക്ഷേത്രത്തിൽ വരാൻ കഴിയാത്തതിനാൽ താന്‍ ചടങ്ങ് നടത്താമെന്ന് ജിതേശ്വരി ദേവി വാശിപിടിക്കുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു.
പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ജിതേശ്വരി ദേവി ആരോപണം ഉന്നയിച്ചു. പ്രതിരോധ ക്ഷേമനിധി ഫണ്ടില്‍ 65,000 കോടി രൂപയുടെ തട്ടിപ്പ് നടന്നു. ഇതിനെതിരെ പ്രതികരിച്ചതുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ജിതേശ്വരി ദേവിയുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam