ദില്ലി: റേപ് ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും പൗരത്വ നിയമത്തിനെതിരെയുള്ള ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറ യേണ്ട ആവശ്യമില്ല. പ്രധാനമന്ത്രി മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചാണ് എപ്പോഴും പറയുന്നത്. എന്നാല്‍, മാധ്യമങ്ങളില്‍ കാണുന്നത് ബലാത്സംഗ വാര്‍ത്തകളാണെന്നും രാഹുല്‍ വ്യക്തമാക്കി. 

യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് മോദിയുടെ പ്രസംഗം ട്വീറ്റ് ചെയ്തായിരുന്നു രാഹുലിന്‍റെ മറുപടി. ദില്ലിയെ ബലാത്സംഗ തലസ്ഥാനമാക്കി മാറ്റിയതിന് മാപ്പ് പറയണമെന്നാണ് മോദി പ്രസംഗത്തില്‍ പറയുന്നത്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷത്തിനും സമ്പദ് വ്യവസ്ഥ തകര്‍ത്തതിനും മോദി മാപ്പു പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 

 

ഝാര്‍ഖണ്ഡില്‍ റാലിക്കിടെയാണ് രാഹുല്‍ ഗാന്ധി റേപ്പ് ഇന്‍ ഇന്ത്യ എന്ന പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി ലോക്സഭയില്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുകയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മറ്റ് ബിജെപി എംപിമാരും ആവശ്യപ്പെട്ടു.