Shashi Tharoor : എംപി മാരുടെ സസ്‌പെൻഷന്‍; സൻസദ് ടിവിയിലെ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ

By Web TeamFirst Published Dec 6, 2021, 11:35 AM IST
Highlights

നേരത്തെ ശിവസേനാ എം പി പ്രിയങ്ക ചതുര്‍വേദിയും സന്‍സദ് ടിവി പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് വിശദമാക്കിയിരുന്നു. സന്‍സദ് ടിവിയിലെ മേരി കഹാനി എന്ന ഷോയിലെ അവതാരക ആയിരുന്നു ശിവസേനാ എംപി പ്രിയങ്ക ചതുര്‍വേദി

സൻസദ് ടിവി (Sansad TV) അവതാരക സ്ഥാനത്ത് നിന്ന് ശശി തരൂർ എം.പി (Shashi Tharoor) പിന്മാറി. 12 രാജ്യസഭ എംപി മാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനം. സൻസദ് ടിവിയിലെ ടു ദി പോയിൻറ് എന്ന അഭിമുഖ പരിപാടിയുടെ അവതാരകനായിരുന്നു ശശി തരൂർ. പാർലെമൻറിൻറെ ഐക്യവും, ജനാധിപത്യ മൂല്യങ്ങളും മാനിച്ചാണ് ഈ പരിപാടികളുടെ ഭാഗമാവാൻ തീരുമാനിച്ചത്. എന്നാൽ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും  പിന്മാറ്റം അറിയിച്ചു കൊണ്ടുള്ള പ്രസ്ഥാവനയിൽ തരൂർ വ്യക്തമാക്കി നേരത്തെ ശിവസേനാ എം പി പ്രിയങ്ക ചതുര്‍വേദിയും സന്‍സദ് ടിവി പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് വിശദമാക്കിയിരുന്നു. സന്‍സദ് ടിവിയിലെ മേരി കഹാനി എന്ന ഷോയിലെ അവതാരക ആയിരുന്നു ശിവസേനാ എംപി പ്രിയങ്ക ചതുര്‍വേദി

സന്‍സദ് ടിവിയിലെ പരിപാടിയിലെ അവതാരകനാവുക എന്നത് പാര്‍ലമെന്‍ററി ജനാധിപത്യത്തിലെ മികച്ച കാര്യമായാണ് തരൂര്‍ വിശദമാക്കിയിരുന്നത്. രാഷ്ട്രീയപരമായ വേര്‍തിരിവ് ഇല്ലാതെ അംഗങ്ങളുടെ പങ്കാളിത്തമായിരുന്നു സന്‍സദ് ടിവിയുടെ പ്രത്യേകതയെന്നും ശശി തരൂര്‍ പറഞ്ഞു. പ്രതിഷേധിക്കുന്ന എംപിമാര്‍ക്കൊപ്പം നിന്നാണ് തീരുമാനമെന്നും തരൂര്‍ വ്യക്തമാക്കി. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിൻ്റെ പേരില്‍ എളമരം കരീം (elamaram kareem), ബിനോയ് വിശ്വം (binoy viswam) എന്നിവര്‍ അടക്കം 12 രാജ്യസഭ (rajya sabha) എംപിമാർക്കാണ് സസ്പെൻഷൻ (suspension) നല്‍കിയത്.സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാർഷൽമാരാണ് അദ്ധ്യക്ഷന് പരാതി നൽകിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമർശമുണ്ട്. എളമരം കരീം മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നായിരുന്നു പരാതി. ഈ സമ്മേളന കാലത്തേക്കാണ് സസ്പെന്‍ഷന്‍. പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കുമ്പോഴും മാപ്പ് പറയാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സര്‍ക്കാര്‍. മാപ്പുപറഞ്ഞ് കീഴടങ്ങൽ വേണ്ടെന്ന നിലപാടിൽ പ്രതിപക്ഷവും നിലപാട് കടുപ്പിക്കുകയാണ്.

സഭയുടെ വിശുദ്ധി കെടുത്തിയവരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സസ്പെൻഷൻ ചട്ടവിരുദ്ധമെന്ന പ്രതിപക്ഷ ആരോപണം അദ്ധ്യക്ഷൻ തള്ളി. കഴിഞ്ഞ സമ്മേളനത്തിൽ തന്നെ അംഗങ്ങളുടെ പേര് ചൂണ്ടിക്കാട്ടിയതാണ്. സഭയ്ക്കുള്ള അധികാരം ഉപയോഗിച്ചാണ് സസ്പെൻഷൻ എന്നും വെങ്കയ്യ നായിഡു ന്യായീകരിച്ചിരുന്നു. 

click me!