
ദില്ലി: ഹരിയാനയിൽ ബി ജെ പി അധികാരത്തിലെത്തിയത് വോട്ടർ പട്ടികയിൽ വ്യാപക വോട്ട് ക്രമക്കേട് നടത്തിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 25 ലക്ഷത്തിലധികം കള്ളവോട്ട് നടന്നുവെന്നാണ് തെളിവുകൾ നിരത്തിയുള്ള വാർത്ത സമ്മേളനത്തിലെ ആരോപണം. ഹരിയാനയിൽ പോൾ ചെയ്തതിൽ എട്ടിൽ ഒന്നും കള്ളവോട്ടാണെന്നാണ് രാഹുലിന്‍റെ വാദം. ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോ ഉപയോഗിച്ച് പത്ത് ബൂത്തിലായി 22 വോട്ട് ചെയ്തെന്നും തെളിവുകൾ നിരത്തി രാഹുൽ ആരോപിച്ചു. ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോ ഉപയോഗിച്ച് സീമ, സ്വീറ്റി, സരസ്വതി എന്നിങ്ങനെ പേരുകളിൽ പത്ത് ബൂത്തിലായാണ് 22 വോട്ട് ചെയ്തത്. ഒരു സ്ത്രീ 223 തവണ വോട്ട് ചെയ്തു. ഈ തെളിവുകൾ കണ്ടെത്താതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സി സി ടിവി ഫുട്ടേജുകൾ നൽകാത്തതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രേഖകൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഇക്കാര്യം അവതരിപ്പിച്ചത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുൽ പറഞ്ഞു. 25 ലക്ഷം കള്ള വോട്ടുകൾ നടന്നു, 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിൽ അധികം ബൾക്ക് വോട്ടുകളുമായിരുന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോൺഗ്രസ് തോറ്റുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിയമ സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മൂന്നര ലക്ഷം വോട്ടുകൾ ഒഴിവാക്കി. ഭൂരിഭാഗവും കോൺഗ്രസ് വോട്ടുകളായിരുന്നു. റായ് മണ്ഡലത്തിലെ ഒഴിവാക്കിയ വോട്ടർമാരുടെ വിവരങ്ങൾ പുറത്തു വിട്ട രാഹുൽ, ലോക് സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്ക് നിയമസഭയിൽ വോട്ട് ഇല്ലെന്നും പറഞ്ഞു. ഹരിയാനയിൽ നടന്നത് തെരഞ്ഞെടുപ്പ് അല്ല. മോഷണമാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇതിന് ആയുധമാകും. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർത്തു. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ട് നിന്നുവെന്നും അടുത്തത് ബീഹാറിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബീഹാറിലും ഇത് തന്നെയാണ് നടക്കുകയെന്ന് വ്യക്തമാണ്. ഇത് തടയാൻ ആകില്ല, വോട്ടർ ലിസ്റ്റ് തന്നത് അവസാന നിമിഷമാണെന്നും പറഞ്ഞ രാഹുൽ ഗാന്ധി ബീഹാറിലെ ക്രമക്കേട് സംബന്ധിച്ച് വിവരങ്ങളും പുറത്തുവിട്ടു. ബീഹാറിലെ വോട്ടർമാരെ ഹാജരാക്കിയ രാഹുൽ ഗാന്ധി, ഒരു കുടുംബത്തിലെ മുഴുവൻ വോട്ടുകൾ ഒഴിവാക്കിയതായും ദിലീപ് യാദവ് എന്ന വികലാംഗനായ വ്യക്തിയെ സംസാരിക്കുന്നതിനും ഹാജരാക്കി. ഇദ്ദേഹത്തിൻറെ വോട്ടെടക്കം ഒഴിവാക്കിയെന്നും ഒരു ഗ്രാമത്തിലെ മാത്രം 187 പേരുടെ വോട്ടുകൾ ഒഴിവാക്കിയെന്നും രാഹുൽ പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങളുമായി ബീഹാറിലെ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പായും ജനങ്ങൾക്ക് മുന്നിൽ എത്തും. അപേക്ഷ കൊടുത്തതിനുശേഷം വോട്ടർ പട്ടികയിൽ പേര് ചേർത്തില്ല. ജനാധിപത്യം തിരികെ കൊണ്ടുവരാൻ യുവജനങ്ങൾക്ക് ശക്തിയുണ്ടെന്ന് ഹരിയാനയിലും, മഹാരാഷ്ട്രയിലും സർക്കാരിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.