
ദില്ലി: ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി ബി ജെ പി. ദില്ലി തെരഞ്ഞെടുപ്പ് കാലത്തെ ‘ശീഷ്മഹൽ’ ആരോപണമാണ് പഞ്ചാബിലും ബി ജെ പി ഉയർത്തുന്നത്. കെജ്രിവാൾ പഞ്ചാബിലെ സൂപ്പർ മുഖ്യമന്ത്രിയാണെന്നും ആം ആദ്മി സർക്കാർ കെജ്രിവാളിനായി 7 സ്റ്റാർ ബംഗ്ലാവ് അനുവദിച്ചെന്നാണ് ആരോപണം. ചണ്ഡീഗഡിലെ സെക്ടർ 2 ൽ രണ്ടേക്കർ ഭൂമിയിൽ സെവൻ സ്റ്റാർ സൗകര്യങ്ങളോടുകൂടിയ ബംഗ്ലാവ് അനുവദിച്ചെന്നാണ് ബി ജെ പി പറയുന്നത്. ദില്ലിയിലെ ‘ശീഷ്മഹൽ’ ഒഴിഞ്ഞശേഷം ഇതിലും ആഡംബരമുള്ള താമസസ്ഥലമാണ് പഞ്ചാബിൽ ലഭിച്ചതെന്നും ‘ശീഷ്മഹൽ 2’ വിലാണ് കെജ്രിവാളിന്‍റെ ഇപ്പോഴത്തെ താമസമെന്നും ബി ജെ പി ആരോപിച്ചു.
എക്സിലൂടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ബി ജെ പി ആരോപണമുന്നയിച്ചത്. 'സാധാരണക്കാരനെന്ന് നടിക്കുന്നയാൾക്ക് മറ്റൊരു ശീഷ്മഹൽ പണിതുനൽകി ആം ആദ്മി പാർട്ടി. മുഖ്യമന്ത്രിയുടെ ക്വാട്ടയിലുള്ള ഈ ബംഗ്ലാവ് കെജ്രിവാളിന് അനുവദിച്ചു' എന്നാണ് ബി ജെ പി പോസ്റ്റ്. ദില്ലി തിരഞ്ഞെടുപ്പിൽ തോറ്റ എ എ പി നേതാക്കളെ പഞ്ചാബിൽ സമാശ്വാസമായി നിയമിക്കുന്നുവെന്നും ബി ജെ പി വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ബി ജെ പി നേതാക്കൾക്ക് പുറമേ എ എ പിയുമായി തെറ്റിപ്പിരിഞ്ഞ രാജ്യസഭാ അംഗം സ്വാതി മലിവാലും എക്സിലൂടെ ചിത്രങ്ങൾ പങ്കുവച്ച് കെജ്രിവാളിനെ വിമർശിച്ചു. ബംഗ്ലാവിന് പുറമെ കെജ്രിവാൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ വിമാനം ഉപയോഗിച്ചുവെന്നും അവർ ആരോപിച്ചു.
ബി ജെ പിയും സ്വാതി മലിവാളുമടക്കമുള്ളവർ ഉയർത്തിയ ആരോപണം പൂർണമായും വ്യാജമാണെന്നാണ് എ എ പിയുടെ മറുപടി. വ്യാജ യമുനയ്ക്ക് പിന്നാലെ ഇപ്പോൾ വ്യാജ സെവൻ സ്റ്റാർ ബംഗ്ലാവുമായാണ് ബി ജെ പി രംഗത്തെത്തിയിരിക്കുന്നതെന്നാണ് എ എ പി നേതാക്കളുടെ പ്രതികരണം. ബി ജെ പി നിരാശയിൽ നിന്ന് പുതിയ പുതിയ കള്ളക്കഥകളുണ്ടാക്കുന്നു എന്നും എ എ പി പ്രതികരിച്ചു. നേരത്തെ ദില്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. മുഗൾ ചക്രവർത്തിമാരുടെ ആഡംബര കൊട്ടാരങ്ങളെ സൂചിപ്പിക്കുന്ന ‘ശീഷ്മഹൽ’ എന്ന പദം ഉപയോഗിച്ചാണ് ബി ജെ പി കെജ്രിവാൾ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ആരോപണം ഉയർത്തുന്നത്. ഇത്തരം ആരോപണങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് എ എ പി ആവർത്തിക്കുകയാണ്.