പണമുപയോഗിച്ച് അധികാരത്തിലേറിയ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നത് വിശ്വാസ വഞ്ചന: ശിവസേന

By Web TeamFirst Published Jul 20, 2020, 4:18 PM IST
Highlights

രാജസ്ഥാന്‍ സർക്കാർ അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനകളുമായി ബന്ധപ്പെട്ട് രണ്ട് ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് ശിവസേനയുടെ വിമര്‍ശനം.  

മുംബൈ: ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തിലേറിയ സര്‍ക്കാരിനെ പണത്തിന്‍റെ സ്വാധീനമുപയോഗിച്ച് താഴെയിറക്കാന്‍ ശ്രമിക്കുന്നത് വിശ്വാസ വഞ്ചനയാണെന്ന് ശിവസേന. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയേക്കുറിച്ച് പ്രതികരിച്ചാണ് ശിവസേന മുഖപത്രത്തിലെ പരാമര്‍ശം. ഇതൊരു കുറ്റകൃത്യമായി കാണേണ്ട സമയമായി. രാജസ്ഥാനിലെ ടെലിഫോണ്‍ ചോര്‍ച്ച ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളെയാണ് പുറത്ത് കൊണ്ടുവന്നിട്ടുള്ളതെന്നും സാമ്നയിലൂടെ ശിവസേന വിശദമാക്കുന്നു. 

ഇത്തരം ഫോണ്‍ റെക്കോഡുകള്‍ പുറത്ത് വരുന്നതിലൂടെ വയനാട് എംപിക്ക് സ്വസ്ഥമായി മണ്ഡലം ശ്രദ്ധിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. നേരത്തെ രാജസ്ഥാന്‍ സർക്കാർ അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനകളുമായി ബന്ധപ്പെട്ട് രണ്ട് ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് ശിവസേനയുടെ വിമര്‍ശനം.  കോൺഗ്രസ് വിമത എംഎൽഎ ഭന്‍വർലാൽ ശര്‍മ, ഗജേന്ദ്ര സിംഗ് , സഞ്ജയ് ജെയ്ൻ എന്നിങ്ങനെ മൂന്ന് പേർ ഉൾപ്പെട്ട ഓഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. ഇത് സംബന്ധിച്ച് കേന്ദ്രം രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. 

ഏത്  അടിയന്തര സാഹചര്യത്തിലാണ് ഗെലോട്ട് സര്‍ക്കാരിന് ഇത്തരത്തില്‍ നേതാക്കളുടെ സംഭാഷണം കേള്‍ക്കേണ്ട സാഹചര്യമുണ്ടായത്. എംഎല്‍എമാര്‍ക്ക് വിലകൂടുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ടി വന്നത്. സച്ചിന്‍ പൈലറ്റ് റിബല്‍ നിലപാട് സ്വീകരിച്ചത് പണത്തിന് വേണ്ടി മാത്രമാണെന്നും ശിവസേന ആരോപിക്കുന്നു. ഇത്തരം ആരോപണങ്ങളേക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി എന്തുകൊണ്ടാണ് തയ്യാറാവാത്തതെന്നും ശിവസേന ചോദിക്കുന്നു. 

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സാമൂഹ്യ, രാഷ്ട്രീയ, മാനസീക സമ്മര്‍ദ്ദമാണ് ബിജെപി പ്രയോഗിക്കുന്നത്. അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തിൽ രാജസ്ഥാൻ പൊലീസ് ആന്‍റി കറപ്ഷൻ ബ്യൂറോ നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു

click me!