യോഗിയുടെ പെരുമാറ്റം ഹിറ്റ്ലറെപ്പോലെ; ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന

By Web TeamFirst Published May 24, 2020, 4:37 PM IST
Highlights

ജൂത വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ  അഡോള്‍ഫ് ഹിറ്റ്ലര്‍ പെരുമാറിയത് പോലെയാണ് കുടിയേറ്റ തൊഴിലാളികളോട് യോഗി ആദിത്യനാഥിന്‍റെ നിലപാട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് പോകാന്‍ പോലും യോഗി സര്‍ക്കാര്‍ അനുവദിക്കുന്നില്ല.

മുംബൈ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രമായ സാമ്ന. കൊറോണ വൈറസ് മഹാമാരിക്കിടെ ആരും രാഷ്ട്രീയ പരാമര്‍ശങ്ങളില്‍ ഏര്‍പ്പെടെരുതെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് സാമ്നയില്‍ യോഗി ആദിത്യനാഥിനെ വളഞ്ഞ് ആക്രമിക്കുന്നതെന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ശിവസേന രാജ്യ സഭാ എംപി സഞ്ജയ് റൌത്താണ് സാമ്നയില്‍ യോഗിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം യോഗി ആദിത്യനാഥ് കൈകാര്യം ചെയ്തത് ഏകാധിപതിയേപ്പോലെയാണെന്നാണ് വിമര്‍ശനം. ജൂത വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ  അഡോള്‍ഫ് ഹിറ്റ്ലര്‍ പെരുമാറിയത് പോലെയാണ് കുടിയേറ്റ തൊഴിലാളികളോട് യോഗി ആദിത്യനാഥിന്‍റെ നിലപാട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് പോകാന്‍ പോലും യോഗി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. 

നടന്നും സൈക്കിളിലും ട്രെക്കുകളിലുമായി എത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ വരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ഉത്തരവിട്ടു. ബസുകളില്‍ വരുന്നവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കിയത്. അതേസമയം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്ന നാലുകോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളില്‍ 75 ലക്ഷത്തോളം പേര്‍ ഇതിനോടകം സ്വന്തം കുടുംബങ്ങളില്‍ തിരികെയെത്തിയെന്നാണ് കേന്ദ്രം വിശദമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ട്രെയിനുകളിലും ബസുകളിലുമായാണ് ഇവര്‍ വീടുകളിലെത്തിയതെന്നാണ് കേന്ദ്രം വിശദമാക്കുന്നത്. 

click me!