പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജയ് ശ്രീ റാം വിളിച്ച് ബിജെപി, ലോക്സഭ നിർത്തിവച്ചു

Published : Dec 16, 2025, 01:17 PM ISTUpdated : Dec 16, 2025, 01:31 PM IST
VB-G Ram G Bill loksabha

Synopsis

പ്രതിപക്ഷ ബഹളത്തിനിടെയാണ് കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രമുഖ പാർട്ടികൾ രംഗത്തെത്തിയപ്പോൾ ജയ് ശ്രീ റാം വിളികളുമായാണ് ബിജെപി അംഗങ്ങൾ പിന്തുണച്ചത്. 

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബിൽ അവതരിപ്പിച്ചത്. 2005 ൽ അന്നത്തെ യുപിഎ സർക്കാർ തുടങ്ങിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് ഇനി വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ എന്നായിരിക്കുമെന്ന് ബില്ലിൽ പറയുന്നു. വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കണം എന്നതുൾപ്പെടെ സംസ്ഥാനങ്ങളുടെ ഭാരം കൂട്ടുന്ന നിർദേശങ്ങളും ബില്ലിൽ ഉണ്ട്. ഗാന്ധിജിയുടെ ചിത്രം ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബിൽ അവതരണം. 

അതിനിടെ, ബില്ലിനെ അതിശക്തമായി എതിർത്ത് കോൺ​ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി രം​ഗത്തെത്തി. സാധാരണക്കാർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ദേശം തന്നെ തകർക്കുന്ന ബില്ലാണ് പുതിയതെന്ന് പ്രിയങ്കഗാന്ധി ആരോപിച്ചു. തൃണമുൽ കോൺഗ്രസും ബില്ലിനെ എതിർത്തു. എന്നാൽ ബില്ലിനെ അനുകൂലിച്ച് ജയ് ശ്രീ റാം വിളികളുമായി ബിജെപി അംഗങ്ങൾ രംഗത്തെത്തി. ഗാന്ധിയുടെ ചിത്രം ഉയർത്തി കോൺഗ്രസും പ്രതിഷേധിച്ചു. എന്നാൽ പോസ്റ്റർ ഒഴിവാക്കണമെന്ന് സ്പീക്കർ നിലപാടെടുത്തു. ഗാന്ധിജിയുടെ പേര് പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നത് അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ബില്ലിനെ എതിർത്ത് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഇത് കേന്ദ്ര കൃഷി മന്ത്രി വിശദീകരിക്കണം. ബില്ല് തയാറാക്കിയ രീതി പോലും ശരിയല്ല. സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത വരും. വലിയ വിഭാഗത്തിന് തൊഴിൽ നഷ്ടമാകുമെന്നും ബില്ല് പിൻവലിക്കണമെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. 

ബില്ലിനെ സഭയിൽ എതിർത്തു കൊണ്ടാണ് ശശി തരൂർ എംപിയും പ്രതികരിച്ചത്. ഇത് പദ്ധതിയുടെ ലക്ഷ്യത്തെ ഇല്ലാതാക്കുന്നതാണ്. പാവപ്പെട്ട സംസ്ഥാനങ്ങൾക്ക് വലിയ ബാധ്യതയാകും. അടിസ്ഥാനപരമായ ആശയങ്ങൾക്ക് എതിരാണെന്നും ശശി തരൂർ എംപി പറഞ്ഞു. ഭരണഘടനക്കെതിരായ നിയമമാണിതെന്ന് കെസി വേണു​ഗോപാലും പ്രതികരിച്ചു. പുതിയ ബില്ല് ​ഗ്യാരണ്ടി നൽകുന്നത് കടലാസിൽ മാത്രമാണ്. 125 ദിവസം തൊഴിൽ ദിനം ലഭിക്കില്ല. കേന്ദ്രമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ രാഷ്ട്രപിതാവിന്റെ പേര് വെട്ടിമാറ്റിയ മന്ത്രിയെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും കെസി പറഞ്ഞു.

എന്നാൽ തങ്ങൾ ഗാന്ധിജിക്ക് എതിരല്ലെന്നായിരുന്നു കൃഷിമന്ത്രിയുടെ മറുപടി. തൊഴിൽ ദിനങ്ങൾ കൂട്ടി നൽകിയെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഗാന്ധിജിയുടെ ചിത്രവുമായാണ് നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധം. എന്നാൽ വലിയ ബഹളത്തിനിടെ മന്ത്രി ബില്ലവതരിപ്പിച്ചു. രാമരാജ്യം സ്ഥാപിക്കാനാണ് ബില്ലെന്നും ഗാന്ധിജിയും ഇതാണ് ആഗ്രഹിച്ചതെന്നും ബില്ല് അവതരിപ്പിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് 2 മണിവരെ ലോക്സഭ നിർത്തി വച്ചു. നിലവിൽ ബില്ലിനെതിരെ പാർലമെൻറ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. ഗാന്ധി പ്രതിമയ്ക്കു മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. ഗാന്ധി ചിത്രങ്ങളുമായി സഭയ്ക്ക് പുറത്തും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നാളെ രാജ്യവ്യാപക പ്രതിഷേധത്തിനും കോൺഗ്രസ് ആഹ്വാനം ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗാളിൽ എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 58 ലക്ഷം പേരെ
കാലം മായ്ക്കാത്ത വീരസ്മരണ-1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ സ്മരണ