
ഭോപ്പാൽ: കൊവിഡ് ചികിത്സയ്ക്ക് യോഗയും, മന്ത്രങ്ങളും, സംഗീതവും, ഉപയോഗിക്കാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സാധാരണ ചികിത്സയ്ക്കൊപ്പം ഇവയും പരീക്ഷിക്കാമെന്നാണ് ശിവരാജ് സിംഗ് പറഞ്ഞത്. മത നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുമ്പോഴായിരുന്നു ശിവരാജ് സിംഗിന്റെ പുതിയ നിർദേശം.
"പല രോഗങ്ങളും സ്നേഹം കൊണ്ട് മാറിയിട്ടുണ്ട്, പക്ഷേ കൊവിഡ് പോലുള്ള അണുബാധകൾ വരുമ്പോൾ അമ്മയ്ക്ക് പോലും മകനെ തൊടാൻ കഴിയില്ല. അതിനാൽ, നിലവിലുള്ള ചികിത്സാ സമ്പ്രദായത്തോടൊപ്പം, ഇന്ത്യയിലുള്ള മറ്റ് പാരമ്പര്യ ചികിത്സ രീതികളും പരീക്ഷിക്കാം,"ശിവരാജ് സിംഗ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതര ചികിത്സകൾക്കായി നിർദ്ദേശങ്ങൾ അയയ്ക്കാൻ അദ്ദേഹം നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
“ചിലപ്പോൾ മറ്റൊരു ചികിത്സ രീതിയുമായി മുന്നോട്ട് വരാൻ നമുക്ക് സാധിക്കുമായിരിക്കും. ഇത് മരണനിരക്ക് കുറയ്ക്കും. രോഗികളുടെ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സംഗീതവും, ഭജനയും, ശ്ലോകവും പ്രോത്സാഹിപ്പിക്കാവുന്നതാണ്“ശിവരാജ് സിംഗ് കൂട്ടിച്ചേർത്തു.
പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ 50 ഗ്രാം വരുന്ന 1 കോടി ആയുർവേദ മരുന്നുകളുടെ കിറ്റ് വിതരണം ചെയ്യുമെന്ന ബിജെപി സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam