Maharashtra Crisis: എംഎല്‍എമാര്‍ക്ക് അന്ത്യശാസനവുമായി ശിവേസന, അയോഗ്യരാക്കുമെന്ന് മുന്നറിയിപ്പ്.

Published : Jun 22, 2022, 02:46 PM IST
Maharashtra Crisis: എംഎല്‍എമാര്‍ക്ക് അന്ത്യശാസനവുമായി ശിവേസന, അയോഗ്യരാക്കുമെന്ന് മുന്നറിയിപ്പ്.

Synopsis

നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി, സച്ചിൻ ആഹർ  എന്നിവർ ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെത്തി . വൈകീട്ട്  മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍  ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്നാണ്  അന്ത്യശാസനം.

മുംബൈ;മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ശിവസേന അവസാനവട്ട ശ്രമം തുടങ്ങി.അന്ത്യ ശാസനവുമായി ഉദ്ധവ് താക്കറെയുടെ ദൂതന്മാർ ഗുവാഹത്തിയിലെത്തി ,വിമതരുമായി ആശയവിനിമയം നടത്തി.. നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി, സച്ചിൻ ആഹർ  എന്നിവരാണ് ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എത്തിയത് . വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി വിളിച്ച  എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം . ഇല്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.അതേസമയം 46 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് വിമത നേതാവ് ഏകനാഥ് ഷിന്‍ഡേ അവകാശപ്പെട്ടു.

മല്ലികാർജ്ജുന ഖാർഗെ ഏഷ്യാനെറ്റ് ന്യൂസിനോട്

പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ കുറ്റപ്പെടുത്തി.കർണാടകയിലും ഗോവയിലും മണിപ്പൂരിലും ഇതാണ് നടന്നത്..എല്ലായിടത്തും അധാർമിക രാഷ്ടീയമാണ് ബിജെപി നടത്തുന്നത്.ശിവസേനയിലാണ് പ്രശ്നം.ഉദ്ദവ് താക്കറെ എങ്ങനെ പ്രശ്നം പരിഹരിക്കുന്നുവെന്ന് കാത്തിരുന്ന് കാണാം.[ വ്യാപകമായി പണം നൽകി എം എൽ എ മാരെ വിലക്കെടുക്കുന്നു.അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നേതാക്കന്മാരെ സമ്മർദത്തിൽ ആക്കുകയാണ് എന്നും ആദ്ദേഹം ആരോപിച്ചു.

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും ഗവര്‍ണര്‍ക്കും കൊവിഡ്

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉദ്ദവ് താക്കറെയെ നേരിട്ട് കാണില്ലെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് അറിയിച്ചു. മുഖ്യമന്ത്രിയുമായി ഓൺലൈനിൽ യോഗം നടത്താനാണ് തീരുമാനം. മഹാരാഷ്ട്ര ഗവർണർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ലക്ഷണങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ മഹാരാഷ്ട്രയിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ ഭാവിയെ കുറിച്ച് കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തൊറാട്ട് പ്രതികരിച്ചില്ല. അതിനിടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ (Maharashtra crisis) മഹാരാഷ്ര്ട നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് നയിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ട്വിറ്ററിൽ കുറിച്ചു.

മഹാരാഷ്ട്രയിലെ പ്രതിസന്ധി ശിവസേന അതിജീവിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അറിയിച്ചു. കോൺഗ്രസ് എംഎൽഎമാരുടെ കാര്യത്തിൽ ആശങ്കയില്ല. ഇന്നത്തെ യോഗത്തിൽ ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു. വിദേശത്തുള്ള ഒരു കോൺഗ്രസ് എംഎൽഎയെ തിരിച്ചു വിളിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

സംസ്ഥാന ടൂറിസം മന്ത്രിയെന്ന് ട്വിറ്ററിലെ വിശേഷണം ആദിത്യ താക്കറെ നീക്കിയത് വിമത നീക്കങ്ങളെ പ്രതിരോധിക്കാനാവാതെ ശിവസേന പരാജയപ്പെടുന്നതിന്റെ സൂചനയാണോയെന്ന് വിലയിരുത്തലുണ്ടായി. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി

മഹാരാഷ്ട്രയില്‍ ഭരണം തുലാസില്‍; ഉദ്ദവ് താക്കറോട് ബിജെപിക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡേ

രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നിൽ തിരിച്ചടി നേരിട്ട മഹാവികാസ് അഖാഡി സഖ്യത്തിന് വമ്പന്‍ ഷോക്കാണ് വിമത നീക്കം. ശിവസേനയിലെ മുതിർന്ന നേതാവും നഗര വികസന മന്ത്രിയുമായ ഏക്നാഥ് ഷിൻഡേയാണ് കഴിഞ്ഞ ദിവസം അർധ രാത്രിയോടെ സൂറത്തിലെ മറീഡിയൻ ഹോട്ടലിലേക്ക് എംഎൽഎമാരുമായി പോയത്. ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സേനാ എംഎൽഎമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണണെന്ന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്ത്യശാസനം നൽകി. പക്ഷെ യോഗത്തിന് പാതി അംഗങ്ങൾ പോലും എത്തിയില്ലെന്നാണ് വിവരം. ആകെയുള്ള  55ൽ 33 പേർ എത്തിയെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് ഒരു ദേശീയ മാധ്യമത്തോട് അവകാശപ്പെട്ടു. ബിജെപിക്കൊപ്പം നിന്ന് സർക്കാരുണ്ടാക്കണമെന്നാണ് ഏക്നാഥ് ഷിൻഡേ മുന്നോട്ട് വച്ച നിർദ്ദേശം. അത് സേനാ നേതൃത്വം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഷിൻഡേയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിഎയുമായ മിലിന്ത് നവരേക്കർ സൂറത്തിലെത്തി വിമതരുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി