
മുംബൈ; മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്ന് ശിവസനേ ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. എന്‍സിപി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സഞ്ജയ് റാവത്താണ് നിലപാട് വ്യക്തമാക്കിയത്.ഉദ്ദവ് താക്കറെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും.എംഎൽഎമാർക്ക് മടങ്ങിയെത്താൻ അവസരം നൽകി; ഇനി മുംബൈയിൽ എത്താൻ വെല്ലുവിളിക്കുന്നു.സഭയിൽ ഇനി കരുത്ത് തെളിയിക്കും.ഇനി വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും റാവത്ത് വ്യക്തമാക്കി.
മഹാരാഷ്ട്ര പ്രതിസന്ധി : 13 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ശിവസേന, ഡെപ്യൂട്ടി സ്പീക്കർക്ക് കത്ത് നൽകി
രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുന്ന മഹാരാഷ്ട്രയിൽ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശിവസേന. 13 എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർക്ക് ശിവസേന കത്ത് നൽകി. കൈമാറിയ പട്ടികയിൽ ആദ്യ പേര് ഏക‍്‍നാഥ് ഷിൻഡെയുടേതാണ്. ഷിൻഡേക്ക് പുറമേ, പ്രകാശ് സുർവെ, തനാജി സാവന്ത്, മഹേഷ് ഷിൻഡേ, അബ്‍ദുൾ സത്താർ, സന്ദീപ് ഭുംറെ, ഭരത് ഗോഗാവാലെ, സഞ്ജയ് ഷിർസാത്, യാമിനി ജാദവ്, അനിൽ ബാബർ, ബാലാജി ദേവ്ദാസ്, ലതാ സോനാവെയ്ൻ എന്നിവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിട്ടുള്ളത്.
അതേസമയം തന്നെ ശിവസേനയുടെ (shivsena) നിയസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി ഏക‍്‍നാഥ് ഷിൻഡെ (eknath shinde) ഗവർണർക്കും (governor)ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. ഭാരത് ഗോഗോവാലയെ ചിഫ് വിപ്പായി തെരഞ്ഞെടുത്തെന്നും ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്. 37 ശിവസേന എംഎൽഎമാർ ഒപ്പിട്ട കത്താണ് അയച്ചത്. നിലവിൽ 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. വിമത എംഎൽഎമാർ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുകയാണ്. 3 ൽ 2 പേരുടെ ഭൂരിപക്ഷം ഉണ്ടായാലും കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ നിന്ന് രക്ഷപ്പെടാൻ ആകില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മറ്റൊരു പാർട്ടിയിൽ ജയിച്ചാൽ മാത്രമേ അയോഗ്യരാക്കാനുള്ള നടപടിയിൽ നിന്ന് രക്ഷപ്പെടാൻ ആകൂ.
'അവരിവിടെയുണ്ടോ?', മഹാരാഷ്ട്രയിലെ വിമത എംഎൽഎമാർ സംസ്ഥാനത്തുള്ളത് അറിയില്ലെന്ന് അസം മുഖ്യമന്ത്രി
മഹാരാഷ്ട്രയെ പിടിച്ചുകുലുക്കിയ വിമത നീക്കത്തിനിടെ എംഎൽഎമാർ ഗുവാഹത്തിയിലെ ഒരു ഹോട്ടലിൽ കഴിയുന്ന വിവരം തനിക്ക് അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. "അസാമിൽ ധാരാളം നല്ല ഹോട്ടലുകളുണ്ട്, ആർക്കും അവിടെ വന്ന് താമസിക്കാം... അതിൽ ഒരു പ്രശ്നവുമില്ല. മഹാരാഷ്ട്ര എംഎൽഎമാർ അസമിൽ താമസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാർക്കും അസമിൽ വന്ന് താമസിക്കാം" - ശർമ്മ എഎൻഐയോട് പറഞ്ഞു. മഹാരാഷ്ട്ര സർക്കാരിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 40-ലധികം വരുന്ന ശിവസേന എംഎൽഎമാരുടെ വിമത സംഘം ഗുവാഹത്തിയിലെ ഹോട്ടലിലാണ് ക്യാമ്പ് ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിൻറെ ഭാവിയിൽ ഉറപ്പില്ല; തെരഞ്ഞെടുപ്പിന് കോൺഗ്രസ് തയാർ-പൃഥിരാജ് ചവാൻ
മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിൻറെ ഭാവിയെക്കുറിച്ച് ഉറപ്പില്ലെന്ന് മഹാരാഷട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ . തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തയാറാണ്. ശിവസേന സഖ്യത്തിൽ നിൽക്കില്ലെങ്കിൽ പിന്നെ മഹാവികാസ് അഗാഡിയില്ല.ഉദ്ദവിനെ മുഖ്യമന്ത്രിയാക്കിയത് സഖ്യത്തിന്‍റെ കൂട്ടായ തീരുമാനം ആണ്. അദ്ദേഹത്തെ മാറ്റണമെങ്കിൽ സഖ്യം തീരുമാനിക്കണം.
മഹാരാഷ്ട്രയിലെ നിലവിലെ പ്രതിസന്ധിയിൽ കോൺഗ്രസിന് റോൾ ഇല്ല. പ്രതിസന്ധിയിൽ സേനയെ ഉപദേശിക്കാനുമാവില്ല. പ്രതിസന്ധി അവരുടെ ആഭ്യന്തര കാര്യമെന്നും പൃഥ്വിരാജ് ചവാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam