
അജ്മീർ: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിക്ക് വീഡിയോ കോൾ വന്നതിൽ അന്വേഷണം തുടങ്ങി. ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അജ്മീർ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. മുൻ ഡിഎവി കോളേജ് സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റും എബിവിപി പ്രവർത്തകനുമായ കൃഷ്ണ സിങ് താക്കൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പരാതി പ്രകാരം, ഞായറാഴ്ച നീറ്റ് പരീക്ഷ എഴുതാനിരിക്കുന്ന ഡിഎവി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിക്കാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോൾ വന്നത്.
തന്‍റെ പക്കൽ നീറ്റ് ചോദ്യപേപ്പറുണ്ടെന്നും പരീക്ഷയ്ക്ക് മുൻപ് ഇത് നൽകാമെന്നുമായിരുന്നു വിളിച്ചയാളുടെ അവകാശവാദം. വിദ്യാർത്ഥി ഇതിന് തെളിവ് ചോദിച്ചപ്പോൾ, അജ്ഞാതൻ ഉടൻ തന്നെ വീഡിയോ കോൾ ചെയ്യുകയും ചോദ്യപേപ്പർ എന്ന് തോന്നിപ്പിക്കുന്ന രേഖകൾ ക്യാമറയിലൂടെ കാണിക്കുകയും ചെയ്തു. തുടർന്ന് ഇതേ നമ്പറിൽ നിന്ന് കൃഷ്ണ സിങ് താക്കൂറിനും കോൾ വരികയുണ്ടായി. 30,000 രൂപ നൽകിയാൽ ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞയാൾ, പണം കൈമാറുന്നതിനായി ഓൺലൈൻ പേയ്‌മെന്‍റ് നമ്പറും പങ്കുവെച്ചു. ഈ ഫോൺ സംഭാഷണത്തിന്റെ റെക്കോർഡ് ചെയ്ത വിവരങ്ങൾ താക്കൂർ പൊലീസിന് കൈമാറിയിട്ടുണ്ട്.
പരാതി ലഭിച്ചയുടൻ തന്നെ ഒരു പ്രത്യേക സംഘത്തെ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതായി അഡീഷണൽ എസ്പി (സിറ്റി) ഹിമാൻഷു ജാഗിദ് വ്യക്തമാക്കി. ഫോൺ ചെയ്തയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും വീഡിയോ കോളിലൂടെ കാണിച്ച ചോദ്യപേപ്പറിന്‍റെ വിശ്വാസ്യത പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രാഥമിക പരിശോധനയിൽ ഇത് ഞായറാഴ്ച പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ പറ്റിച്ച് പണം തട്ടിയെടുക്കാനുള്ള ഒരു വ്യാജ ശ്രമം ആകാനാണ് സാധ്യതയെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam