ആർ ജി കർ മെഡിക്കൽ കോളേജിൽ നടന്നിരുന്നത് സന്ദീപ് ഘോഷിന്റെ മാഫിയ രാജെന്ന് ആരോപണം

Published : Aug 21, 2024, 01:49 PM IST
ആർ ജി കർ മെഡിക്കൽ കോളേജിൽ നടന്നിരുന്നത് സന്ദീപ് ഘോഷിന്റെ മാഫിയ രാജെന്ന് ആരോപണം

Synopsis

സന്ദീപ് ഘോഷ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് മെഡിക്കൽ കോളേജിൽ നടന്നത് സമാനതയില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമെന്നാണ് ആരോപണം. മെഡിക്കൽ കോളേജിൽ മാഫിയയ്ക്ക് സമാനമായ നടപടികളാണ് നടന്നിരുന്നതെന്നാണ്  മുൻ സൂപ്രണ്ട് അടക്കമുള്ളവരുടെ ആരോപണം

കൊൽക്കത്ത: മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ  രൂക്ഷമായ ആരോപണങ്ങളാണ് ആർ ജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ  മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഉയരുന്നത്. സന്ദീപ് ഘോഷ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് മെഡിക്കൽ കോളേജിൽ നടന്നത് സമാനതയില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമെന്നാണ് ആരോപണം. മെഡിക്കൽ കോളേജിൽ മാഫിയയ്ക്ക് സമാനമായ നടപടികളാണ് നടന്നിരുന്നതെന്നാണ് ആരോപണം. 2021ലാണ് സന്ദീപ് ഘോഷ്  ചുമതലയേൽക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് എത്തുന്ന അജ്ഞാത മൃതദേഹങ്ങൾ നിയമാനുസൃതമല്ലാത്ത രീതിയിൽ ഉപയോഗിക്കപ്പെട്ടതിൽ സന്ദീപ് ഘോഷിന് പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണങ്ങളിൽ പ്രധാനം. 

പഠന കാലത്തെ സന്ദീപ് ഘോഷ്  ഇത്തരത്തിലുള്ള ആളായിരുന്നില്ലെന്നും അധികാരം ആളുകളെ മാറ്റുന്നതിന്റെ പ്രതിഫലനം ആയിരിക്കാമെന്നുമാണ് സഹപാഠികളിലൊരാൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ബയോമെഡിക്കൽ മാലിന്യങ്ങൾ അനധികൃതമായി സന്ദീപ് ഘോഷ് വിൽപന നടത്തിയിരുന്നുവെന്നാണ് മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ട് ഡോ. അക്താർ അലി ആരോപിക്കുന്നത്. റബ്ബർ ഗ്ലൌ, സലൈൻ ബോട്ടിലുകൾ, സിറിഞ്ചുകൾ, സൂചികൾ എന്നിവയുൾപ്പെടെയാണ് ഇത്തരത്തിൽ അനധികൃതമായി വിൽപന നടത്തിയിരുന്നതെന്നും മുൻ സൂപ്രണ്ട് വിശദമാക്കുന്നു. ഓരേ ദിവസവും 600 കിലോ വരെയുള്ള ബയോമെഡിക്കൽ മാലിന്യമാണ് ആർ ജി കർ മെഡിക്കൽ കോളേജിൽ നിന്ന് ഇത്തരത്തിൽ വിൽപന നടത്തിയിരുന്നതെന്നാണ് ആരോപണം. 

പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർത്ഥികളെ പണം വാങ്ങി പാസ് മാർക്ക് നൽകുകയും കരാറുകാരിൽ നിന്ന് പണം പറ്റുകയും ചെയ്തിരുന്നുവെന്നും മുൻ സൂപ്രണ്ട് ആരോപിക്കുന്നു. ടെണ്ടറുകളുടെ 20 ശതമാനം കമ്മീഷൻ സന്ദീപ് ഘോഷ് കൈപ്പറ്റിയിരുന്നു. സന്ദീപ് ഘോഷിനെതിരെ പരാതിപ്പെട്ടതാണ് തനിക്ക് സ്ഥലംമാറ്റം ലഭിക്കാൻ കാരണമായതെന്നാണ് മുൻ സൂപ്രണ്ട് ആരോപിക്കുന്നത്. 

നിലവിലെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ നേരത്തെ ആശുപത്രിയിൽ ആശുപത്രിയിൽ മുമ്പ് നടന്ന പല സംശയസ്പദമായ മരണങ്ങളും ചർച്ചയാകുന്നുണ്ട്.  പൗലാമി സാഹ എന്ന വിദ്യാർഥിനിയെ 2020ൽ അത്യാഹിത കെട്ടിടത്തിൻ്റെ ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നതിന് തെളിവുകളൊന്നും കണ്ടെടുത്തില്ലെങ്കിലും വിഷാദരോഗം ബാധിച്ച് യുവതി ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസും ആശുപത്രി അധികൃതരും അവകാശപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് തുടരന്വേഷണമൊന്നുമുണ്ടായില്ല.  2003-ൽ, എംബിബിഎസ് ഇൻ്റേൺ ആയിരുന്ന സുവോരോജ്യിതി ദാസ് (23) ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചിരുന്നു. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുന്നതിന് മുമ്പ് വിദ്യാർത്ഥി ആൻ്റീ ഡിപ്രസൻ്റ് കുത്തിവച്ചതായും ഞരമ്പ് മുറിച്ചതായും പൊലീസ് അന്ന് പറഞ്ഞിരുന്നു. ആ കേസും ആത്മഹത്യയായി അവസാനിപ്പിച്ചു. ഈ രണ്ട് കേസിലും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നില്ല. 

മറ്റൊരു വിദ്യാർത്ഥിയായ സൗമിത്ര ബിശ്വാസിനെ 2001ൽ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മരണവും ആത്മഹത്യയായി കണക്കാക്കി. ഹോസ്റ്റൽ മുറികളിൽ അശ്ലീല വീഡിയോകൾ ചിത്രീകരിക്കാൻ ലൈംഗികത്തൊഴിലാളികളെ കൊണ്ടുവന്ന വിദ്യാർഥികളുടെയും ആശുപത്രി ജീവനക്കാരുടെയും റാക്കറ്റിനെതിരെ പ്രതിഷേധിച്ചതിനാണ് ബിശ്വാസിന്റെ മരണത്തിന് പിന്നിലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. എന്നാൽ ഈ വഴിക്ക് കേസ് അന്വേഷണം പോയില്ലെന്നാണ് ആരോപണം. അശ്ലീല വീഡിയോ റാക്കറ്റ് ആശുപത്രിയിലെ മൃതദേഹങ്ങൾ ചൂഷണം ചെയ്തതായി ന്യൂസ് എക്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച