
ഹൈദരാബാദ്: ഹൈദരാബാദിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിൽ നിന്ന് തിങ്കളാഴ്ച കണ്ടെത്തിയ അസ്ഥികൂടം ഏകദേശം പത്ത് വർഷം മുൻപ് മരണപ്പെട്ടുവെന്ന് സംശയിക്കുന്ന അമീർ ഖാന്‍റേതെന്ന് പൊലീസ്. നമ്പള്ളിയിലുള്ള മുനീർ ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെ നിന്ന് ഒരു പഴയ നോക്കിയ മൊബൈൽ ഫോണും അസാധുവാക്കിയ കറൻസി നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്.
മുനീർ ഖാന് പത്ത് മക്കളുണ്ടായിരുന്നെന്നും, അതിൽ മൂന്നാമത്തെ മകനായ അമീർ ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസമെന്നും മറ്റുള്ളവർ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയെന്നും പൊലീസ് പറഞ്ഞു. ഒരു ക്രിക്കറ്റ് ബോൾ എടുക്കാൻ വീടിനുള്ളിൽ പ്രവേശിച്ച നാട്ടുകാരൻ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. വീഡിയോയിൽ, അടുക്കളയാണെന്ന് കരുതുന്ന മുറിയുടെ തറയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് അസ്ഥികൂടം കാണപ്പെടുന്നത്. മനുഷ്യന്‍റെ അവശിഷ്ടങ്ങൾക്ക് ചുറ്റും പാത്രങ്ങളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് അസ്ഥികൂടം അമീറിന്‍റേതാണെന്ന് അനുമാനിക്കാമെന്ന് അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പൊലീസ് (എസിപി) കിഷൻ കുമാർ എൻഡിടിവിയോട് പറഞ്ഞു. ബാറ്ററി തീർന്നുപോയ ഫോൺ നന്നാക്കി പ്രവർത്തിപ്പിച്ചപ്പോൾ 2015-ൽ 84 മിസ്ഡ് കോളുകൾ വന്നതായി കണ്ടെത്തി. മരിച്ചയാൾക്ക് ഏകദേശം 50 വയസ് പ്രായം വരും. അദ്ദേഹം വർഷങ്ങൾക്ക് മുൻപ് മരിച്ചതാണ്. എല്ലുകൾ പോലും പൊടിഞ്ഞു തുടങ്ങി. മൽപ്പിടിത്തത്തിന്‍റെയോ രക്തക്കറയുടെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സ്വാഭാവിക മരണമാകാനാണ് സാധ്യതയെന്നും എസിപി കൂട്ടിച്ചേര്‍ത്തു.
ഏകദേശം 10 വർഷം മുൻപ് അദ്ദേഹം മരിച്ചിരിക്കാം. സഹോദരങ്ങളോ ബന്ധുക്കളോ ആരും അദ്ദേഹത്തെ അന്വേഷിച്ച് എത്തിയിരുന്നില്ലെന്നും തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊബൈൽ ഫോണിന് പുറമെ, തലയിണക്കടിയിൽ നിന്ന് അസാധുവാക്കിയ നോട്ടുകളും കണ്ടെത്തിയിരുന്നു. ഇത് 2016ലെ നോട്ട് അസാധുവാക്കൽ നടപടിക്ക് മുൻപാണ് മരണം സംഭവിച്ചതെന്ന നിഗമനത്തെ കൂടുതൽ ബലപ്പെടുത്തുന്നു.
അസ്ഥികൂടത്തിൽ കണ്ടെത്തിയ മോതിരവും ഷോർട്ട്സും മരിച്ചയാളുടെ അനുജനായ ഷദാബ് തിരിച്ചറിഞ്ഞതായി എസിപി അറിയിച്ചു. സമീപത്തെ കടകളിൽ നിന്ന് വാടക പിരിക്കാറുണ്ടായിരുന്നത് ഷദാബായിരുന്നു. തിങ്കളാഴ്ച ഒരു CLUES (Crime Scene Investigation and Evidence Collection Unit) സംഘം വീട്ടിൽ സന്ദർശിക്കുകയും കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മരിച്ചയാളെ തിരിച്ചറിയുന്നതിനായി അവശിഷ്ടങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam