
പാറ്റ്ന: ഡ്രൈവിംഗിനിടെ വെടിയേറ്റിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർ വാഹനം ഓടിച്ചത് 5 കിലോ മീറ്റർ. സന്തോഷ് സിംഗ് എന്നയാളാണ് യാത്രക്കാരെ സംരക്ഷിക്കാനായി സ്വന്തം ജീവൻ പണയപ്പെടുത്തിയത്. വാഹനത്തിലുണ്ടായിരുന്ന 15 യാത്രക്കാരെയും സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച ശേഷം അദ്ദേഹം ചികിത്സ തേടി. ബിഹാറിലെ ഹേമത്പൂരിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.
വയറിന് വെടിയേറ്റതിനാൽ സന്തോഷ് സിംഗിന്റെ കുടലിന് കാര്യമായ രീതിയിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. അതിനാൽ അദ്ദേഹത്തെ നിർണായകമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവിൽ സന്തോഷ് സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചികിത്സിച്ച ഡോക്ടർ വികാഷ് സിംഗ് പറഞ്ഞു. സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ജഗദീഷ്പൂർ എസ്ഡിപിഒ രാജീവ് ചന്ദ്ര സിംഗ് വ്യക്തമാക്കി. ശാസ്ത്രീയ അന്വേഷണത്തിനായി ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ), ജില്ലാ ഇൻ്റലിജൻസ് യൂണിറ്റ് (ഡിഐയു) ടീമുകളെ നിയോഗിച്ചിട്ടുണ്ട്. കുറ്റവാളികളെ തിരിച്ചറിയാൻ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സന്തോഷ് സിംഗിൻ്റെ വാഹനത്തിന് നേരെ മാത്രമല്ല ആക്രമണമുണ്ടായതെന്ന് എസ്ഡിപിഒ പറഞ്ഞു. ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനവ്യൂഹത്തിലെ മറ്റ് രണ്ട് വാഹനങ്ങൾക്ക് നേരെയും ഡ്രൈവർക്ക് വെടിയേറ്റതിന് മുമ്പ് ആക്രമണമുണ്ടായി. ഒരു വാഹനത്തിൻ്റെ ടയറിൽ നിന്ന് പെല്ലറ്റ് കണ്ടെടുത്തു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. എന്നാൽ അക്രമി പ്രദേശത്തുകാരനല്ലെന്നാണ് നാട്ടുകാർ പറയുന്നത്. മാനസിക വിഭ്രാന്തിയുള്ള ആരെങ്കിലുമാകാം വെടിയുതിർത്തതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. സന്തോഷ് സിംഗിൻ്റെ കുടുംബം ബിഹിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam