12780 ഹസ്രത്ത് നിസാമുദ്ദീൻ-വാസ്‌കോ ഡ ഗാമ ട്രെയിനിന് മുകളിലേയ്ക്കാണ് അജ്ഞാതൻ എടുത്തുചാടിയത്. 

ലഖ്നൗ: ​ഗോവയിലേയ്ക്കുള്ള ട്രെയിനിൻ്റെ എഞ്ചിനിലേയ്ക്ക് ചാടി അജ്ഞാതന് ദാരുണാന്ത്യം. റെയിൽവേ സ്റ്റേഷൻ്റെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പ്രവേശിച്ചതിന് പിന്നാലെ പ്ലാറ്റ്‌ഫോമിന് മുകളിലെ തകര ഷീറ്റിൽ നിന്ന് ഒരാൾ ചാടുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 

ഗോവ എക്‌സ്‌പ്രസിൻ്റെ ഓവർഹെഡ് ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി സമ്പർക്കം പുലർത്തിയതോടെ അജ്ഞാതന്റെ ശരീരം കത്തിയെരിഞ്ഞു. 12780 ഹസ്രത്ത് നിസാമുദ്ദീൻ-വാസ്‌കോ ഡ ഗാമ ട്രെയിനിന് മുകളിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ റെയിൽവേ പൊലീസ് ശ്രമം ആരംഭിച്ചതോടെ വീരാംഗന ലക്ഷ്മിഭായ് ഝാൻസി റെയിൽവേ സ്റ്റേഷനിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതേ തുടർന്ന് 45 മിനിറ്റോളം ട്രെയിൻ ​ഗതാ​ഗതം നിർത്തിവെച്ചു. 

മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെങ്കിലും ഏകദേശം 40-നും 45-നും ഇടയിൽ പ്രായമുണ്ടെന്ന് റെയിൽവേ പൊലീസ് സർക്കിൾ ഓഫീസർ നയീം മൻസൂരി പറഞ്ഞു. എഞ്ചിനിലെ ഓവർഹെഡ് ഇലക്ട്രിക്കൽ ലൈൻ ഓഫ് ചെയ്ത ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

READ MORE: ​ഗൂ​ഗിൾ മാപ്പ് നോക്കി ​പോയത് ​ഗോവയ്ക്ക്, എത്തിയത് കൊടുങ്കാടിന് നടുവിൽ; പുലരും വരെ കാറിനുള്ളിൽ കഴിഞ്ഞ് കുടുംബം