തൽക്കാൽ ടിക്കറ്റ് ബുക്കിങ്ങിന് പുതിയ നിബന്ധനയുമായി റെയിൽവേ, അക്കൗണ്ടുകൾ ആധാര്‍ വെരിഫൈ ചെയ്യണം

Published : Jun 04, 2025, 11:05 PM ISTUpdated : Jun 06, 2025, 03:48 PM IST
തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യണോ? പുതിയ നിബന്ധനയുമായി റെയിൽവേ, നിയന്ത്രണം അടുത്ത  മാസം മുതൽ

Synopsis

ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രമേ ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയൂ.

ദില്ലി: തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. യഥാർത്ഥ യാത്രക്കാർക്ക് ആവശ്യസമയത്ത് ടിക്കറ്റുകൾ കൺഫേം ചെയ്ത് ലഭിക്കുന്നതിന് സഹായിക്കാൻ  ഇന്ത്യൻ റെയിൽവേ ഉടൻതന്നെ ഇ-ആധാർ വെരിഫിക്കേഷൻ നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

മെയ് 24 മുതൽ ജൂൺ 2 വരെയുള്ള ഓൺലൈൻ തത്കാൽ ടിക്കറ്റ് ബുക്കിങ് വിശകലനം ചെയ്തപ്പോൾ, വിൻഡോ തുറന്നതിന് ശേഷം ആദ്യ മിനിറ്റിൽ എസി ക്ലാസ് ടിക്കറ്റുകളിൽ ശരാശരി 5,615 എണ്ണം മാത്രമാണ് ബുക്ക് ചെയ്തത്. എന്നാൽ, രണ്ടാം മിനിറ്റിൽ ഇത് 22,827 ടിക്കറ്റുകളായി ഉയർന്നു. ആദ്യ 10 മിനിറ്റിനുള്ളിൽ 62.5 ശതമാനം ടിക്കറ്റുകളും, ബാക്കിയുള്ള 37.5 ശതമാനം ടിക്കറ്റുകൾ വിൻഡോ തുറന്ന് 10 മിനിറ്റ് മുതൽ ചാർട്ട് തയ്യാറാക്കുന്നത് വരെയുമാണ് ബുക്ക് ചെയ്തത്. 

നോൺ-എസി വിഭാഗങ്ങളിലും സമാനമായ പ്രവണത കണ്ടു. ആദ്യ മിനിറ്റിൽ 4 ശതമാനം ടിക്കറ്റുകളും, രണ്ടാം മിനിറ്റിൽ 17.5 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ആദ്യ 10 മിനിറ്റിനുള്ളിൽ ഏകദേശം 66.4 ശതമാനം ടിക്കറ്റുകൾ വിറ്റുപോയപ്പോൾ, ആദ്യ മണിക്കൂറിനുള്ളിൽ 84.02 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു. വിൻഡോ തുറന്ന് 8 മുതൽ 10 മണിക്കൂറിന് ശേഷവും ഏകദേശം 12 ശതമാനം തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിക്കുന്നതിനെതിരെ റെയിൽവേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരു പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 24 ദശലക്ഷത്തിലധികം ഉപയോക്താക്കളെ റെയിൽവേ ഇത്തരത്തിൽ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഏകദേശം 2 ദശലക്ഷം അക്കൗണ്ടുകൾ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് സംശയമുള്ള അക്കൗണ്ടുകളായി അടയാളപ്പെടുത്തി. ഇവയുടെ ആധാറും മറ്റ് രേഖകളും പരിഗണിച്ചുള്ള അന്വേഷണം നടക്കുകയാണ്.

നിലവിൽ, ഐആർസിടിസി വെബ്സൈറ്റിൽ 130 ദശലക്ഷത്തിലധികം വരിക്കാരുണ്ട്, അതിൽ 12 ദശലക്ഷം മാത്രമാണ് ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകൾ. ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ അക്കൗണ്ടുകൾക്കും പ്രത്യേക പരിശോധന നടത്താൻ ഐആര്‍സിടിസി തീരുമാനിച്ചിട്ടുണ്ട്. സംശയകരമെന്ന് കണ്ടെത്തുന്ന അക്കൗണ്ടുകൾ റദ്ദ് ചെയ്യും. യഥാർത്ഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.

പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ
 
ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രമേ ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമുള്ളൂ. ബുക്കിങ്ങിന് ആധാർ അധിഷ്ഠിത ഒടിപി ഓതൻ്റിക്കേഷൻ ആവശ്യമായി വരും. ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിനായി കൗണ്ടർ വഴിയുള്ള തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ആധാർ വെരിഫിക്കേഷൻ ആവശ്യമായി വന്നേക്കാം. അതിനാൽ, നിങ്ങളുടെ IRCTC അക്കൗണ്ട് ആധാർ വഴി വേരിഫൈ ചെയ്യുന്നത് നിര്‍ബന്ധമാകും. പുതിയ സംവിധാനം ഈ മാസം അവസാനം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

'ബാലൻസ് ഷീറ്റ് നോക്കാൻ പോലും അറിയില്ലായിരുന്നു', ഒരിക്കൽ സിമോൺ ടാറ്റ പറഞ്ഞു, പക്ഷെ കൈവച്ച 'ലാക്മേ' അടക്കം ഒന്നിനും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന