
ദില്ലി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം ശരണ്‍ നേഗി (106) അന്തരിച്ചു. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന വോട്ടര്‍ കൂടിയായിരുന്ന നേഗിക്ക് മരിക്കുമ്പോള്‍ 106 വയസായിരുന്നു പ്രായം. സ്വന്തം നാടായ ഹിമാചൽ പ്രദേശിലെ കിന്നൗറിലെ കല്‍പയിലായിരുന്നു അന്ത്യം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരമെന്ന് അധികൃതർ അറിയിച്ചു. ജീവിതകാലത്ത് ഒരിക്കല്‍ പോലും തന്‍റെ സമ്മതിദാനാവകാശം നേഗി ഉപയോഗിക്കാതിരുന്നിട്ടില്ല.
ഏറ്റവും ഒടുവിലായി 12 -ാം തിയതി നടക്കാനിരിക്കുന്ന 14 -മത് ഹിമാചല്‍ പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിലേക്കും നേഗി തന്‍റെ സമ്മതിദാനം ഉപയോഗപ്പെടുത്തി. നവംബര്‍ 2 ന് പോസ്റ്റല്‍ വോട്ടിലൂടെയായിരുന്നു അത്. തന്‍റെ വോട്ട് ചെയ്യുന്ന 34 മത്തെ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷമാണ് നേഗിയുടെ വിയോഗം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടറായ നേഗി, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് അംബാസിഡര്‍ കൂടിയായിരുന്നു.
1951 ല്‍ ഇന്ത്യ പൊതു തെരഞ്ഞെടുപ്പിലേക്ക് കടന്നപ്പോള്‍ ശ്യാം ശരണ്‍ നേഗിയാണ് ആദ്യത്തെ വോട്ട് ചെയ്തത്. 1951 ഓക്ടോബര്‍ 25 നായിരുന്നു അത്. കാലാവസ്ഥാ പ്രശ്നങ്ങളെ തുടര്‍ന്ന് അന്ന് ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് നേരത്തെയാക്കി. ഈ സമയം പോളിങ് ബൂത്തിലുണ്ടായിരുന്ന നേഗി രാവിലെ ഏഴ് മണിക്ക് തന്നെ വോട്ട് ചെയ്തു. ആ വോട്ട് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യവോട്ടായി മാറുകയുമായിരുന്നു.
1917 ജൂലൈയിലാണ് നേഗിയുടെ ജനനം. നല്ല ഓര്‍മ്മ ശക്തിയുള്ള നേഗിക്ക് തന്‍റെ ആദ്യ വോട്ടിനെ കുറിച്ചും നല്ല ഓര്‍മ്മകളായിരുന്നു. മുന്‍ സ്കൂള്‍ അധ്യാപകന്‍ കൂടിയാണ് നേഗി. 2010 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീന്‍ ചാവ്ള, നേഗിയുടെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചു. "ഒരു പ്രത്യേക പാര്‍ട്ടിക്ക് വേണ്ടിയല്ല, മറിച്ച് സത്യസന്ധരും ഊര്‍ജ്ജസ്വലരുമായ അംഗങ്ങളാണ് നിങ്ങളെ പാര്‍ലമെന്‍റില്‍ പ്രതിനിധീകരിക്കേണ്ടത്." എന്നതായിരുന്നു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് നേഗിയുടെ ഉപദേശം. 1951 ല്‍ നേഗി വോട്ട് ചെയ്ത പ്രഥം പ്രാഥമിക വിദ്യാലയത്തിലെ പോളിംഗ് ബൂത്തിലാണ് അദ്ദേഹം തന്‍റെ കന്നിവോട്ട് ചെയ്തത്. 1890 ല്‍ ആരംഭിച്ച ഈ സ്കൂളിലാണ് നേഗി തന്‍റെ ആദ്യവേട്ട് രേഖപ്പെടുത്തിയത്.