
ഷിംല: സംസ്ഥാനത്ത് നിർണായക സ്വാധീനമുള്ള ആപ്പിൾ കർഷകരുടെ പ്രതിഷേധം ഇത്തവണ ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് വെല്ലുവിളിയാണ്. വിലക്കയറ്റവും ഉല്‍പാദന ചെലവും ചൂണ്ടിക്കാട്ടി കർഷകർ സർക്കാറിനെതിരെ സമരത്തിലാണ്. തൊണ്ണൂറുകളില്‍ സർക്കാറിനെ മറിച്ചിട്ട ചരിത്രമുള്ളവരാണ് ഹിമാചലിലെ ആപ്പിൾ കർഷകർ.
ചിയോഗിലെ ചെറുകിട കർഷകനായ നാരായണിന് ഇത്തവണ ആപ്പിൾ വിളവെടുത്ത് കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ നാല്‍പത് ശതമാനമാണ് നഷ്ടം. കിട്ടിയ വിലയ്ക്ക് ആപ്പിൾ വിറ്റുതീർത്തതിന്‍റെ നിരാശ നാരായണും കുടുംബവും ഏഷ്യാനെറ്റ് ന്യൂസിനനോട് പങ്കുവച്ചു.
ഹിമാചലിലെ പ്രതിവർഷ ആപ്പിൾ വിപണി 5000 കോടി രൂപയുടേതാണ് . അതായത് സംസ്ഥാന ജിഡിപിയുടെ പതിമൂന്നര ശതമാനം വരും ആപ്പിൾ വിപണിയുടെ പങ്ക്. സംസ്ഥാനത്ത് ആപ്പിളിന്റെ താങ്ങുവില ഉയർത്താത്തതും, പാക്കിംഗ് ഉല്‍പന്നങ്ങൾക്കും കീടനാശിനികൾക്കും കുത്തനെ വില ഉയർന്നതും കർഷകരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള ആപ്പിൾ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താത്തതും കർഷകരെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് 17 കർഷക സംഘടനകൾ മൂന്ന് വർഷമായി തെരുവില്‍ സമരത്തിലാണ്.
ഷിംല, കുളു, കിന്നൗർ ജില്ലകളിലാണ് സംസ്ഥാനത്തെ ആപ്പിൾ കൃഷിയുടെ ഭൂരിഭാഗവും. മൂന്ന് ജില്ലകളിലും കോൺഗ്രസിന് നിർണായക സ്വധീനമുണ്ട്. 1990ല്‍ ആപ്പിൾ കർഷകർ സംസ്ഥാന സർക്കാറിനെ മറിച്ചിട്ട ചരിത്രമുണ്ട് ഹിമാചലിന്. അന്നുണ്ടായ കർഷക പ്രക്ഷോഭത്തിനെതിരെ പോലീസ് വെടിയുതിർത്തപ്പോൾ മൂന്ന് കർഷകർ കൊല്ലപ്പെട്ടു. തുടർന്ന് 1993 ല്‍ ബിജെപിയുടെ സംസ്ഥാനത്തെ ആദ്യമുഖ്യമന്ത്രിയായ ശാന്തകുമാറിന് രാജിവച്ച് പുറത്തുപോകേണ്ടിവന്നു. മുപ്പത് വർഷത്തിനിപ്പുറം കർഷകർ വീണ്ടും തെരുവിലാണ്. എന്നാല്‍ കർഷകരെ കോൺഗ്രസ് പ്രകോപിപ്പിച്ച് തെരുവിലിറക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.