
ഭോപ്പാല്‍: പ്രണയികളെന്ന് തെറ്റിദ്ധരിച്ച് സഹോദരീ സഹോദരന്മാരെ ക്രൂരമായി ഒരു സംഘം മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. സഹോദരങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്.
രക്ഷാബന്ധൻ ദിനത്തിലാണ് (ഓഗസ്റ്റ് 31) വിദ്യാര്‍ത്ഥിയായ അതുൽ ചൗധരിക്കും സഹോദരിക്കും നേരെ ആക്രമണം നടന്നത്. ഇരുവരെയും ഒരു സംഘം മര്‍ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നാലെ പ്രതികള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഛത്തർപൂർ എസ്പി രത്നേഷ് തോമര്‍ പറഞ്ഞു. പരാതിയില്‍ ഒരു സംഘനയുടെയും പേര് സഹോദരങ്ങള്‍ പരാമര്‍ശിച്ചിട്ടില്ലെന്നും എസ്പി പറഞ്ഞു.
അതുൽ ചൗധരിയും സഹോദരിയും സതായ് റോഡിലെ ക്ഷേത്രത്തിന് സമീപമുള്ള കടയിൽ നിൽക്കുകയായിരുന്നു. പ്രതികൾ അവിടെ വെച്ചാണ് സഹോദരങ്ങളെ ആക്രമിച്ചത്. പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. പട്ടികജാതി, പട്ടിക വര്‍ഗ്ഗത്തിനെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും തുടര്‍ നടപടിയെടുക്കുമെന്നും എസ്പി പറഞ്ഞു.