പൊരുതി നേടിയ വിജയങ്ങൾ, കറയില്ലാത്ത മതേതര നിലപാട്, സിദ്ധരാമയ്യയെന്ന കോൺഗ്രസിന്റെ ജനകീയമുഖം

Published : May 18, 2023, 10:05 AM ISTUpdated : May 18, 2023, 10:39 AM IST
പൊരുതി നേടിയ വിജയങ്ങൾ, കറയില്ലാത്ത മതേതര നിലപാട്, സിദ്ധരാമയ്യയെന്ന കോൺഗ്രസിന്റെ ജനകീയമുഖം

Synopsis

പത്തു വയസുവരെ സ്‌കൂളിന്റെ പടി ചവിട്ടാൻ ഭാഗ്യം കിട്ടാതിരുന്ന കുട്ടി പിൽക്കാലത്ത് ബിരുദവും നിയമബിരുദവും നേടിയതുപോലും പോരാട്ടമായിരുന്നു. 

ബെം​ഗളുരു : കർണാടക കോൺഗ്രസിന്റെ ഏറ്റവും വലിയ ജനകീയ മുഖം എന്നത് തന്നെയാണ് സിദ്ധരാമയ്യയെ വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് എത്തിക്കുന്നത്. പിന്നാക്കക്കാരോടുള്ള ആഭിമുഖ്യവും കറയില്ലാത്ത മതേതര നിലപാടും എക്കാലവും ഉയർത്തിപ്പിടിച്ച നേതാവാണ് സിദ്ധരാമയ്യ. ജീവിതത്തിൽ യാതൊന്നും എളുപ്പത്തിൽ താലത്തിൽവെച്ച് കിട്ടിയിട്ടില്ല സിദ്ധരാമയ്യയ്ക്ക്. എല്ലാം പൊരുതി നേടുകയായിരുന്നു. വരുണയിലെ സിദ്ധരാമനഹുണ്ടിയെന്ന ഉൾനാടൻ ഗ്രാമത്തിൽ, പിന്നാക്ക കുറുബ സമുദായത്തിൽ ജനനം. പത്തു വയസുവരെ സ്‌കൂളിന്റെ പടി ചവിട്ടാൻ ഭാഗ്യം കിട്ടാതിരുന്ന കുട്ടി പിൽക്കാലത്ത് ബിരുദവും നിയമബിരുദവും നേടിയതുപോലും പോരാട്ടമായിരുന്നു. 

ജില്ലാകോടതിയിലെ പ്രകടനം കണ്ട സീനിയർ അഭിഭാഷകൻ നഞ്ചുണ്ട സ്വാമിയാണ് രാഷ്ട്രീയത്തിലേക്ക് വഴികാട്ടിയത്. 1983 ൽ ചാമുണ്ഡേശ്വരിയിൽ നിന്ന് ഭാരതീയ ലോക്ദൾ ടിക്കറ്റിൽ ജയിച്ചു നിയമസഭയിലെത്തി. അവിടുന്നങ്ങോട്ട് രാഷ്ട്രീയ പോരാട്ടം. ലോക്ദളിൽനിന്ന് ജനതാ പാർട്ടിയിലേക്ക്, 1999 ലെ പിളർപ്പിൽ ജനതാദൾ വിട്ട് ദേവഗൗഡയുടെ ജെഡിഎസിൽ എത്തി. പിന്നെ ഗൗഡയുമായി തെറ്റി സ്വന്തം പാർട്ടിയുണ്ടാക്കി. 2005 ൽ കോൺഗ്രസിൽ ലയിച്ചു. 2013-ൽ കോൺഗ്രസിനെ മുന്നിൽനിന്ന് നയിച്ച് മുഖ്യമന്ത്രിയായി. 2018ൽ കോൺഗ്രസിന് ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോൾ ജെഡിഎസുമായി കൂട്ടുകെട്ട്. ഒരു വട്ടം കൂടി മുഖ്യമന്ത്രി കസേര മോഹിച്ച സിദ്ധയേ മറികടന്ന് ജെഡിഎസിലെ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി. പിന്നീട് ബിജെപിയുടെ അട്ടിമറിയിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യ സർക്കാറിന്റെ പതനമായിരുന്നു.

ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പേ സിദ്ധരാമയ്യ പറഞ്ഞു, ഇത് എന്റെ അവസാന പോരാട്ടമാണ്. വയസ് 75 ആയി, ഇനിയൊരു അങ്കമില്ലെന്ന് വ്യക്തമാക്കി അവസാന മത്സരം രണ്ടു സുരക്ഷിത മണ്ഡലങ്ങളിൽ ആക്കാനായിരുന്നു മോഹം. പക്ഷെ ഡി കെയുടെ കൈപ്പിടിയിലുള്ള കോൺഗ്രസ് പാർട്ടി തീരുമാനിച്ചു, സീനിയർ നേതാക്കൾ ഒരിടത്തു മത്സരിച്ചാൽ മതി എന്ന്. അങ്ങനെ സിദ്ധരാമയ്യയുടെ മത്സരം വരുണയിൽ മാത്രമായി. ബിജെപി അടങ്ങിയിരുന്നില്ല. ഭവന നിർമാണ വകുപ്പ്‌ മന്ത്രി വി. സോമണ്ണ ആയിരുന്നു എതിരാളി. 

സിദ്ധയെ വീഴ്ത്താൻ വരുണയിൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളാണ്. വരുണയിൽ അമിത് ഷായും യെദ്യൂരപ്പയെയും അണിനിരന്ന കൂറ്റൻ പൊതുയോഗം. പക്ഷെ ഒന്നും ഏശിയില്ല, ജന്മനാട് സിദ്ധയ്‌ക്കൊപ്പം തന്നെ നിന്നു. 46000 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തോടെ ജയം. നാല് പതിറ്റാണ്ടിലെ രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഒരുപാട് കണ്ട സിദ്ധരാമയ്യ കൈമോശം വരാതെ കാത്തത് മൂന്നു ഗുണങ്ങൾ. പല സ്വഭാവങ്ങൾ ഉളള കർണാടകയുടെ ഏതു ഭാഗത്തും നേതാവെന്ന നിലയിലുള്ള ജനസമ്മതി, ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ കാത്ത മതേതരത്വ മനോഭാവവും പിന്നാക്കാരോടുള്ള അനുഭവവും. 

സിദ്ധരാമയ്യ അല്ല, സിദ്ധരാമയ്യ ഖാൻ ആണെന്നും ഇയാൾ അധികാരത്തിൽ വരാതെ നോക്കണം എന്നുമായിരുന്നു ഇത്തവണ ബിജെപി പ്രചാരണം. പാവങ്ങൾ തന്നെ രാമയ്യ എന്നും  വിളിക്കാറുണ്ടെന്നും അതുപോലെയൊരു ക്രെഡിറ്റ് ആണ് സിദ്ധരാമയ്യ ഖാൻ എന്ന പേരെന്നും സിദ്ധയുടെ മറുപടി. താമരയ്ക്ക് വോട്ടു ചെയ്തില്ലെങ്കിൽ മോദിയുടെ ആശീർവാദം കർണാടകയ്ക്ക് ഉണ്ടാകില്ലെന്ന് ജെ പി നദ്ദ വോട്ടർമാരോട് പറഞ്ഞപ്പോൾ ആശീർവദിക്കേണ്ടത് മോദിയല്ല ജനങ്ങൾ ആണ് എന്ന് സിദ്ധരാമയ്യ ഉത്തരം നൽകി.

ഒടുവിൽ ജനങ്ങളും പാർട്ടിയും സിദ്ധരാമയ്യയെ ആശീർവദിച്ചിരിക്കുന്നു. മുഖ്യമന്ത്രി പദത്തിലേക്ക് ഒരിക്കൽക്കൂടി കടന്നിരിക്കുമ്പോൾ വെല്ലുവിളികൾ ഒരുപാടുണ്ട്, മുന്നിൽ. പക്ഷെ സിദ്ധരാമയ്യ അതൊന്നും കാര്യമാക്കുന്നില്ല. കാരണം വെല്ലുവിളികൾക്ക് നടുവിലൂടെ നടന്നുവന്ന നേതാവ് എന്നത് സിദ്ധരാമയ്യയെ സംബന്ധിച്ച് വെറും ഭംഗിവാക്കല്ല. കർണാടക കണ്ടറിഞ്ഞ സത്യമാണ്...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഹാരാഷ്ട്ര മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: മികച്ച മുന്നേറ്റവുമായി മഹായുതി; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
'ഹിന്ദുമതത്തിലേക്ക് തിരിച്ചുവരൂ, അവസരങ്ങൾ കിട്ടിയേക്കാം'; എ ആർ റഹ്മാനോട് 'ഘർ വാപസി' ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ്