
ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത്. ബെംഗളുരു - മൈസുരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്. വികസനത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോദി, ബി ജെ പി എം എൽ എ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തതെന്ന് സിദ്ധരാമയ്യ ചോദിച്ചു. എം എൽ എമാർ വാങ്ങുന്ന കൈക്കൂലിയുടെ ഒരു പങ്ക് മോദിക്കും കിട്ടുന്നുണ്ടോ എന്നും കർണാടക മുൻ മുഖ്യമന്ത്രി പരിഹസിച്ചു.
40 ശതമാനം കമ്മീഷൻ സർക്കാരാണ് കർണാടകത്തിലേതെന്ന് തെളിഞ്ഞുവെന്നും, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയിയായിരുന്നു ബി ജെ പിയുടെ തലപ്പത്തെങ്കിൽ അഴിമതി വച്ച് പൊറുപ്പിക്കില്ലായിരുന്നെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടക സോപ്സുമായി ബന്ധപ്പെട്ട് അസംസ്കൃത വസ്തുക്കളുടെ വിതരണത്തിന് കോൺട്രാക്റ്ററിൽ നിന്ന് 81 ലക്ഷം കൈക്കൂലി ചോദിച്ച കേസിൽ എം എൽ എയുടെ മകൻ അറസ്റ്റിലായത് കർണാടകത്തിൽ വൻ രാഷ്ട്രീയ വിവാദമായിരുന്നു. ഇത് മുൻനിർത്തിയാണ് സിദ്ധരാമയ്യ, മോദിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തെന്ന് ആരോപണം
അതേസമയം പണി പൂർത്തിയാക്കാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തെന്ന് ആരോപിച്ച് രാമനഗരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എക്സ്പ്രസ് വേയുടെ ഭാഗമായുള്ള അണ്ടർപാസുകളും സർവീസ് റോഡുകളും ഇപ്പോഴും മോശം അവസ്ഥയിലെന്നും ഇവർ ആരോപിച്ചു. കന്നഡ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കർഷകർക്ക് ഇനിയും നഷ്ടപരിഹാരം നൽകാൻ ബാക്കിയുണ്ടെന്ന് പ്രതിഷേധക്കാർ. 117 കിലോമീറ്റർ ദൈർഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്. മെയിൻ റോഡ് ആറ് വരിപ്പാതയാണ്. സർവീസ് റോഡ് നാല് വരിപ്പാതയും. തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകയിൽ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ജെഡിഎസ് ശക്തികേന്ദ്രമായ മാണ്ഡ്യയിൽ എക്സ്പ്രസ് വേ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മൈസൂരു - കുശാൽ നഗർ നാലുവരിപാതയുടെ നിർമ്മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പുതിയ പത്ത് വരിപ്പാത യാഥാർഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam