'ബിജെപിക്ക് ന്യൂനപക്ഷങ്ങളോട് വെറുപ്പ്'; ടിപ്പു ജയന്തി അവസാനിപ്പിച്ചതില്‍ സിദ്ധരാമയ്യ

By Web TeamFirst Published Jul 30, 2019, 9:52 PM IST
Highlights

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളായത് കൊണ്ടാണ് ബിജെപി ടിപ്പു സുല്‍ത്താന്‍ ജയന്തി അവസാനിപ്പിച്ചത്. ബിജെപി ന്യൂപക്ഷങ്ങള്‍ക്ക് എതിരാണ്. അവര്‍ മതേതരവാദികള്‍ അല്ലെന്നും അതിനെ താന്‍ എതിര്‍ക്കുന്നുവെന്നും മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി

ബംഗളൂരു: ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സുല്‍ത്താന്‍ എന്ന നിലയിലാണ് ടിപ്പു ജയന്തി ആഘോഷം തുടങ്ങിയതെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടങ്ങിവയ്ക്കുക മാത്രമാണ് താന്‍ ചെയ്തത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ ആള്‍ എന്ന നിലയില്‍ കര്‍ണാടക ജനത അത് അംഗീകരിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ആദ്യ സ്വാതന്ത്ര്യസമര സേനാനിയായാണ് ടിപ്പു സുല്‍ത്താനെ താന്‍ കാണുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളായത് കൊണ്ടാണ് ബിജെപി ടിപ്പു സുല്‍ത്താന്‍ ജയന്തി അവസാനിപ്പിച്ചത്. ബിജെപി ന്യൂപക്ഷങ്ങള്‍ക്ക് എതിരാണ്. അവര്‍ മതേതരവാദികള്‍ അല്ലെന്നും അതിനെ താന്‍ എതിര്‍ക്കുന്നുവെന്നും മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്. ഇത് ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിച്ച് ബിജെപി അന്നുമുതല്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു.

ടിപ്പു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2016ൽ  കുടക് മേഖലയിൽ ഉണ്ടായ  വർഗീയ  സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

കുടകിലെ എം എൽ എമാരുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം എന്ന് മുഖ്യമന്ത്രി  അറിയിച്ചു.  ആഘോഷം റദ്ദാക്കിയെന്നറിയിച്ച് സാംസ്കാരിക വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി. എല്ലാ വര്‍ഷവും നവംബറിലാണ് ആഘോഷം നടത്തിയിരുന്നത്.

click me!