'യെദിയൂരപ്പയെ നീക്കി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം'; ഗവര്‍ണറോട് സിദ്ധരാമയ്യ

By Web TeamFirst Published Apr 1, 2021, 7:41 PM IST
Highlights

മുഖ്യമന്ത്രി യെദിയൂരപ്പ അനാവശ്യമായി ഇടപെടുന്നുവെന്ന് മന്ത്രിയായ കെ എസ് ഈശ്വരപ്പ ഗവര്‍ണറോട് പരാതിപ്പെട്ട സാഹചര്യത്തിലാണ് ആവശ്യവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
 

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ നീക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി യെദിയൂരപ്പ അനാവശ്യമായി ഇടപെടുന്നുവെന്ന് മന്ത്രിയായ കെ എസ് ഈശ്വരപ്പ ഗവര്‍ണറോട് പരാതിപ്പെട്ട സാഹചര്യത്തിലാണ് ആവശ്യവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കെതിരെയുള്ള ഗൗരവമായ വെളിപ്പെടുത്തലാണെന്നും സംസ്ഥാനത്ത് ഭരണം തകര്‍ന്നതിന്റെ തെളിവാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 

മുഖ്യമന്ത്രിക്കെതിരെ അഞ്ച് പേജ് കത്താണ് ഈശ്വരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയത്. അഴിമതി, സ്വജനപക്ഷപാതം, നിയമലംഘനം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളുടെ തെളിവാണ് ഈശ്വരപ്പ കൈമാറിയതെന്ന് സിദ്ധരാമയ്യ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് ഈശ്വരപ്പ നല്ലൊരു കാര്യം ചെയ്യുന്നതെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈശ്വരപ്പയുടെ വായടക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കരുതെന്നും മറ്റ് മന്ത്രിമാര്‍ക്ക് കൂടി സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈശ്വരപ്പ ഭരിക്കുന്ന ഗ്രാമ വികസന വകുപ്പില്‍ മന്ത്രിയറിയാതെ എംഎല്‍എമാരുടെ അപേക്ഷയെ തുടര്‍ന്ന് 774 കോടി അനുവദിച്ചെന്നും 460 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നുമാണ് ഈശ്വരപ്പ പരാതിപ്പെട്ടത്. യെദിയൂരപ്പയുടെ കുടുംബത്തിന്റെ അടുത്തയാളും ബെംഗളൂരു അര്‍ബന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നേതാവിന്റെ കത്തിനെ തുടര്‍ന്ന് 65 കോടി നേരിട്ട് അനുവദിച്ചുവെന്നും ഈശ്വരപ്പ കത്തില്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ക്കും ഈശ്വരപ്പ പരാതി നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ ബിജെപി ഭരണം പിടിച്ചെടുക്കുന്നതിനായി നടത്തിയ ഓപ്പറേഷന്‍ കമലക്ക് എങ്ങനെ പണം ലഭിച്ചുവെന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
 

click me!