
ദില്ലി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് സിദ്ദിഖ് കാപ്പനെ എയിംസില്‍ നിന്ന് മഥുരയിലേക്ക് മാറ്റിയത്. യുപി പൊലീസ് നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കൊവിഡ് പരിശോധന നടത്തി നെഗറ്റീവായോ എന്ന് ഉറപ്പുവരുത്തിയില്ലെന്നും കാപ്പന്‍റെ കുടുംബം ആരോപിച്ചു.
വിദ്ഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പനെ എയിംസിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ എയിംസിലെ ചികിത്സ അവസാനിപ്പിച്ച് രഹസ്യമായി യുപി പൊലീസ് കാപ്പനെ മഥുര ജയിലിലേക്ക് കൊണ്ടു പോവുകയായിരുന്നു. എയിംസിലെ പരിശോധനയില്‍ കൊവിഡ‍് ആണെന്ന് സ്ഥിരീകരിച്ച കാപ്പനെ തിരികെ കൊണ്ടുപോകുമ്പോള്‍ നെഗറ്റീവാണോയെന്ന് ഉറപ്പ് വരുത്തിയില്ലെന്ന് കാപ്പന്‍റെ ഭാര്യ റെയ്ഹാനത്ത് ആരോപിച്ചു.
മഥുരയിലെ ജയിലില്‍ നിന്ന് കൊവിഡ് സ്ഥീരികരിച്ച സിദ്ധിഖ് കാപ്പന്‍ കൊവിഡ് മുക്തനായെന്ന റിപ്പോർട്ടാണ് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. ഇതിന് ശേഷം എയിംസില്‍ വച്ച് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ എങ്ങനെയാണ് പ്രമഹ രോഗിയായ ഒരാള്‍ കൊവിഡ‍് നെഗറ്റീവ് ആയതെന്ന് കുടുംബം മഥുര ജയില്‍ പൊലീസ് സൂപ്രണ്ടിന് നല്‍കിയ കത്തില്‍ ചോദിച്ചു. ജയിലില്‍ വച്ച് കാപ്പനെ കാണണമെന്ന് ആവശ്യപ്പെട്ട് കുടുംബം കത്ത് നല്‍കിയിട്ടുണ്ട്. എയിംസില്‍ വച്ച് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നുങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam