
ദില്ലി: മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി. സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. കുറ്റപത്രം പരിശോധിക്കുമ്പോൾ ഈ വാദം നിലനിൽക്കില്ലെന്ന് ബോധ്യപ്പെടുന്നതായും ഹൈക്കോടതി വ്യക്തമാക്കി. പിടിയിലായ മറ്റ് പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് പുറത്തിറക്കിയ ഉത്തരവിലുണ്ട്. സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു.
സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമാണെന്ന് ആരോപിച്ചാണ് യുപി പൊലീസ് കോടതിയിൽ കുറ്റപത്രം നൽകിയിട്ടുള്ളത്. പൗരത്വ സമരത്തെയും എൻആർസി സമരത്തേയും മറയാക്കി ഉത്തർപ്രദേശിൽ വർഗീയത പടർത്താനുള്ള നീക്കത്തിലായിരുന്നു സിദ്ദിഖ് എന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. ആ നീക്കം പരാജയപ്പെട്ടപ്പോഴാണ് ഹാഥ്‍റാസ് വിഷയവുമായി സിദ്ദിഖ് കാപ്പൻ രംഗത്തെത്തിയതെന്നും യുപി പൊലീസ് ആരോപിക്കുന്നു.
ഹാഥ്റാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമായി ജയിലിൽ തുടരുകയാണ്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സിദ്ദിഖ് കാപ്പൻ.
സിദ്ദിഖ് കാപ്പൻ ഉൾപ്പടെയുള്ള ഏഴ് പേര്‍ക്കെതിരായ കേസുകൾ മഥുര കോടതി നേരത്തെ ലഖ്‍നൗവിലെ എൻഐഎ (NIA) കോടതിയിലേക്ക് മാറ്റിയിരുന്നു. യുഎപിഎ, രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തിയ സാഹചര്യത്തിലാണ് കേസ് എൻഐഎ കോടതിയിലേക്ക് മാറ്റിയത്. ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്നും മഥുര കോടതി വിധിച്ചിരുന്നു. സമാധാനം തകർക്കാൻ ശ്രമിച്ചതിനെതിരെ ചുമത്തിയ വകുപ്പുകൾ കോടതി റദ്ദാക്കുകയും ചെയ്തു. കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam