40 കിലോയുടെ വെള്ളിക്കല്ല്, കൂറ്റന്‍ സ്‌ക്രീനുകള്‍; അയോധ്യ രാമക്ഷേത്രം തറക്കല്ലിടലിന് വന്‍ ഒരുക്കം

By Web TeamFirst Published Jul 20, 2020, 5:09 PM IST
Highlights

എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, സധ്വി റിതംഭര, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും പങ്കെടുക്കും.
 

ദില്ലി: അധ്യയിലെ രാമക്ഷേത്ര തറക്കല്ലിടലിന് വന്‍ ഒരുക്കങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 50 വിഐപികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് തറക്കല്ലിടല്‍ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങ് നിര്‍വഹിക്കുക. 40 കിലോ ഭാരമുള്ള വെള്ളിക്കല്ലാണ് തറക്കല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുകയെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചു. തറക്കല്ലിടല്‍ ചടങ്ങിന് മുമ്പ് മൂന്ന് ദിവസത്തെ പൂജ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

നരേന്ദ്രമോദിക്ക് പുറമെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയ 50 വിഐപികളാണ് പങ്കെടുക്കുക. കൊവിഡ് പശ്ചാത്തലത്തിലാണ് ആളുകളുടെ എണ്ണം കുറച്ചതെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ തത്സമയ സംപ്രേഷണത്തിനായി അയോധ്യയിലും മറ്റ് സ്ഥലങ്ങളിലും കൂറ്റന്‍ ടിവിയും ഒരുക്കും. 

അയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, സധ്വി റിതംഭര, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും പങ്കെടുക്കും.
 

click me!