
ദില്ലി: കര്‍ഷക സമരം നടക്കുന്ന ദില്ലി അതിര്‍ത്തിയിലെ സിംഗുവിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. നിഹാങ്കുകൾക്ക് സമരവുമായി യാതൊരു ബന്ധവുമില്ലെന്നും ഗൂഡാലോചന അന്വേഷിക്കണമെന്നും കര്‍ഷക നേതാക്കൾ ആവശ്യപ്പെട്ടു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഹരിയാന പൊലീസ് അറിയിച്ചു
കൈപ്പത്തി വെട്ടിമാറ്റിയ ശേഷം പൊലീസ് ബാരിക്കേഡിൽ പ്രദര്‍ശനത്തിനെന്നോണം കെട്ടിതൂക്കിയ നിലയിലായിരുന്നു മൃതദേഹം. സിഖ് മതഗ്രന്ഥം നശിപ്പിക്കാൻ ശ്രമിച്ചതിനുള്ള ശിക്ഷയാണ് നൽകിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ സിഖ് നിഹാങ്കുകൾ പറയുന്നുണ്ട്. 35 കാരനായ പഞ്ചാബ് തരണ്‍താരണ്‍ സ്വദേശി ലക്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്.
കൈവെട്ടിമാറ്റിയ ശേഷം യുവാവിനെ തലകീഴായി കെട്ടിതൂക്കി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ നിഹാങ്കുകൾ തന്നെയാണ് കര്‍ഷക സംഘടന നേതാക്കൾ അറിയിച്ചു. നിഹാങ്കുകൾക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവും ഇല്ലെന്നും കര്‍ഷക സംഘടനകൾ വിശദീകരിച്ചു.
കര്‍ഷക സമരത്തിന്‍റെ തുടക്കം മുതൽ സായുധരായ സിഖ് നിഹാങ്കുകൾ സിംഗുവിലെ സമരസ്ഥലത്തുണ്ട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയെ സംഘര്‍ഷമാക്കിയതിലും നിഹാങ്കുകളുടെ പങ്ക് വ്യക്തമായിരുന്നു. ലഖിംഗ്പ്പൂര്‍ ഖേരി സംഭവത്തിൽ പ്രതികൂട്ടിലായ ബിജെപിക്ക് സിംഗുവിലെ കൊല കര്‍ഷക നേതാക്കൾക്കെതിരെയുള്ള ആയുധമായി. കര്‍ഷക നേതാക്കളാണ് കുറ്റവാളികളെന്ന് ബിജെപി ആരോപിച്ചു. അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യം സ്വാമിയും ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam