ഛഠ് പൂജയ്ക്ക് മുന്നോടിയായി യമുനാനദിയിൽ മുങ്ങിക്കുളിച്ച് ബിജെപി എംപി മനോജ് തിവാരി അരവിന്ദ് കേജരിവാളിനെയും രാഹുൽ ഗാന്ധിയെയും വെല്ലുവിളിച്ചു. നദിയുടെ 50 ശതമാനവും ശുചീകരിച്ചതായി ബിജെപി അവകാശപ്പെടുമ്പോൾ, വിഷപ്പതയും മലിനീകരണവും സംബന്ധിച്ച് പ്രതിപക്ഷം ആശങ്ക ഉന്നയിക്കുന്നു.

ന്യൂഡൽഹി: ഛഠ് പൂജ ആഘോഷങ്ങൾക്ക് മുന്നോടിയായി ബിജെപി എംപി മനോജ് തിവാരി യമുനാനദിയിൽ മുങ്ങിക്കുളിച്ചു. നദിയുടെ അവസ്ഥ മെച്ചപ്പെട്ടുവെന്ന് തെളിയിക്കാനായി 30 കിലോമീറ്റർ നീളമുള്ള ഭാഗത്ത് നിന്നാണ് അദ്ദേഹം നദിയിലിറങ്ങി കുളിച്ചത്. യമുനയിൽ മുങ്ങിക്കുളിക്കാൻ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മനോജ് തിവാരി വെല്ലുവിളിക്കുകയും ചെയ്തു. ഡൽഹിയിൽ തങ്ങളുടെ ഭരണത്തിൻ കീഴിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ യമുനയുടെ 50 ശതമാനത്തിലധികം ഭാഗം ശുചീകരിച്ചതായി ബി.ജെ.പി അവകാശപ്പെട്ടു. മുൻപ് ഭരണം നടപ്പാക്കിയ ആം ആദ്മി പാർട്ടി, കോൺഗ്രസ് എന്നിവരുടെ നദി ശുചീകരണ റെക്കോർഡുകളെ പരിഹസിച്ചുകൊണ്ടാണ് ബി.ജെ.പിയുടെ ഈ പ്രതികരണം.

അതേസമയം, യമുനയിലെ വിഷപ്പത രൂപപ്പെടലും വെള്ളത്തിന്റെ ഗുണനിലവാരവും സംബന്ധിച്ച് ആശങ്കകൾ തുടരുന്നതിനിടയിലാണ് ബി.ജെ.പി എം.പിയുടെ ഈ നീക്കം. കളിന്ദി കുഞ്ച് പോലുള്ള പ്രധാന സ്ഥലങ്ങളിൽ നദിയിൽ വെളുത്ത വിഷപ്പത വരുന്നത് പതിവാണെന്നാണ് ആരോപണം. സൂര്യദേവനെ ആരാധിക്കാനായി ഭക്തർ നദിയിലിറങ്ങി നിൽക്കുന്ന ഛഠ് പൂജയുടെ സമയത്ത് ഈ വിഷപ്പത വലിയ വെല്ലുവിളിയാകുമെന്നുമാണ് എതിര്‍ ആരോപണം.

ഉത്സവത്തിന് തൊട്ടുമുമ്പ് ഇത്തരം വിഷപ്പതകൾ അപ്രത്യക്ഷമാകുന്നതും പിന്നീട് തിരിച്ചെത്തുന്നതും താത്കാലികമായി പത കുറയ്ക്കുന്ന നടപടികളാണോ അതോ ശാശ്വത പരിഹാരമാണോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. യമുനാനദിയുടെ മലിനീകരണ വിഷയം ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള പ്രധാന തർക്കവിഷയമായി തുടരുകയാണ്. എന്നിരുന്നാലും ഛഠ് പൂജയ്ക്കായി ഘാട്ടുകളിൽ എത്തുന്ന ഭക്തർക്ക് നദിയിലെ വെള്ളത്തിന്റെ സുരക്ഷിതത്വമാണ് പ്രാഥമിക ആശങ്ക.