ഇന്ത്യാ സഖ്യത്തിന്റെ മോക്ക് പാർലമെന്റിനെ പ്രതിരോധിക്കാൻ 'സിറ്റിസൺ ഫോർ ഡെമോക്രസി' ബദൽ പരിപാടി സംഘടിപ്പിക്കുന്നു. ബിജെപി പിന്തുണയുണ്ടെന്നാണ് സൂചന. കോൺഗ്രസ് എംപിമാരുടെ ജനാധിപത്യ വിരുദ്ധത തുറന്നുകാട്ടാൻ ലക്ഷ്യമിടുന്നതാണ് പരിപാടിയെന്നാണ് അവകാശവാദം
ദില്ലി: ഇന്ത്യാ സഖ്യത്തിന്റെ മോക്ക് പാര്‍ലമെന്‍റിനെ പ്രതിരോധിക്കാന്‍ ബദല്‍ മോക്ക് പാര്‍ലമെന്‍റ്. എന്‍ ഡി എം സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സിറ്റിസണ്‍ ഫോര്‍ ഡെമോക്രസിയെന്ന സംഘടനയാണ് മോക്ക് പാര്‍ലമെന്‍റ് നടത്തുന്നത്. ഇന്ത്യാ സഖ്യം ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്ന അതേ സമയമായിരിക്കും പരിപാടി. രാഹുല്‍ ഗാന്ധിയടക്കം കോണ്‍ഗ്രസ് എം പിമാരുടെ ജനാധിപത്യ വിരുദ്ധത തുറന്ന് കാട്ടുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിക്ക് ബി ജെ പി പിന്തുണയുണ്ടെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നാളെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ പ്രതീകാത്മക പരസ്യ വിചാരണ നടത്തുക.
രാംലീല മൈതാനത്തും ദില്ലിയിലെ അശോക ഹോട്ടലിലും അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് കോൺഗ്രസ് അധ്യക്ഷന്റെ വീടിന് മുന്നിലെ പുൽത്തകിടിയിലേക്ക് പ്രതിപക്ഷം പ്രതീകാത്മക വിചാരണ മാറ്റിയത്. ഇന്ത്യാ സഖ്യ എം പിമാർക്ക് പുറമെ, സഖ്യകക്ഷി നേതാക്കൾ വിരമിച്ച ജഡ്ജിമാർ, പൗരാവകാശ സംഘടന പ്രവർത്തകർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിനിടെ നവംബര്‍ ഒന്നിലെ റാലി മാറ്റണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടന അഖിലേഷ് യാദവ്, മമത ബാനര്‍ജി തുടങ്ങിയ നേതാക്കള്‍ക്ക് കത്തയച്ചു. മൂന്ന് തവണ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെങ്കിലും അവഗണിച്ചിരുന്നു.
ഡൽഹിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും
അതേസമയം രാംലീല മൈതാനിയിലെ ഇന്ത്യാസഖ്യത്തിന്‍റെ മഹാറാലിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡൽഹി പൊലീസും സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ഡൽഹി പൊലീസിലെ 3,000-ത്തോളം ഉദ്യോഗസ്ഥരെയും അർധസൈനിക വിഭാഗങ്ങളെയും പ്രദേശത്ത് വിന്യസിക്കും. നിരീക്ഷണത്തിനായി 150-ലേറെ എ ഐ അധിഷ്ഠിത സി സി ടി വി ക്യാമറകളും താൽക്കാലിക കൺട്രോൾ റൂമുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ സന്നാഹങ്ങൾ എളുപ്പത്തിലാക്കുന്നതിനായി മൈതാനവും പരിസരവും 8 റീജിയണുകളായും 14 സോണുകളായും തിരിച്ചു. വൈകുന്നേരം 5 മണിക്ക് മുൻപ് റാലി അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞു പോകണമെന്ന് ഡൽഹി പൊലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. മൈതാനത്ത് രാത്രി തങ്ങാനോ മറ്റ് കേന്ദ്രങ്ങളിലേക്ക് മാർച്ചായി നീങ്ങാനോ അനുമതിയില്ല. റാലിയിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രവർത്തകർ എത്തുന്നതിനായി പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് കോൺഗ്രസ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക





