
ദില്ലി: 12 പേർ കൊല്ലപ്പെട്ട ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഫരീദാബാദ് ഭീകര സംഘത്തിലുൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദ് എന്ന് ദില്ലി പൊലീസ് വൃത്തങ്ങൾ. ഫരീദാബാദ് ഭീകരസംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടർ ഉമർ മുഹമ്മദ് ആസൂത്രണം ചെയ്തതാണ് ഈ സ്ഫോടനം എന്നാണ് ഇതുവരെയുള്ള പൊലീസിന്റെ നിഗമനം. ഡോക്ടർ ഉമർ മുഹമ്മദിന്റെ കശ്മീരിലെ വീട്ടിലെത്തിയ പൊലീസ് ഇയാളുടെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉമറിന് ഏതെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ലെന്നും വീട്ടിൽ ശാന്ത സ്വഭാവമായിരുന്നുവെന്നും ആണ് സഹോദരന്റെ ഭാര്യ പറഞ്ഞു.
'കഴിഞ്ഞ വെളളിയാഴ്ചയാണ് ഉമർ മുഹമ്മദുമായി സംസാരിച്ചിട്ടുള്ളത്. രണ്ട് മാസം മുൻപാണ് ഉമർ വീട്ടിലേക്ക് വന്നുപോയത്. ഡോക്ടറായി ദില്ലിയിൽ ജോലി ചെയ്യുകയായിരുന്നു, ഇത്തരമൊരു പശ്ചാത്തലമുള്ളതായി യാതൊരു സൂചനയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങളുടെ വിശദീകരണം. വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ച് ഡോക്ടറാക്കിയത്. കേൾക്കുന്ന വാർത്തകൾ അവിശ്വസനീയമാണെന്നും സഹോദര ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉമറിൻ്റെ അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ഇതിനായിട്ടാണ് കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട് ലക്നൗവിലും പൊലീസ് പരിശോധന നടത്തി. ഡോക്ടർ മുസമ്മിലിൻ്റെ സഹപ്രവർത്തകനും സുഹൃത്തുമായ ഡോക്ടർ പർവേഷ് അൻസാരിയുടെ വീട്ടിലാണ് പരിശോധന. യുപി എടിഎസും ജമ്മുകശ്മീർ പോലീസുമാണ് പരിശോധന നടത്തുന്നത്.
അതേ സമയം, ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണം എന്ന് ദില്ലി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആക്രമത്തിന് പദ്ധതി ഇട്ടതെന്നാണ് പൊലീസ് പറയുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ ദില്ലിയിൽ ഉന്നത തല യോഗം ചേരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, ദില്ലി പോലീസ് കമ്മീഷണർ, എൻഐഎ ഡിജി എന്നിവർ അടക്കം ഉന്നതർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഔദ്യോഗിക വിശദീകരണം ഇന്ന് ഉണ്ടായേക്കും. ജമ്മു കശ്മീർ ഡിജിപിയും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.